ന്യൂഡല്‍ഹി: പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിലെ ഗവേഷണത്തിനായി ഡബ്ല്യൂഎച്ച്ഒ ഇന്ത്യയില്‍ കേന്ദ്രം തുടങ്ങുമെന്ന് നരേന്ദ്ര മോദി. ഗുജറാത്തിലെ ജംനഗര്‍ ടീച്ചിംഗ് ആന്‍റ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, ജയ്‌പൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എന്നീ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യ ചികില്‍സയെ ശക്തിപ്പെടുത്താനാണ് ലോകാരോഗ്യ സംഘടന ആഗോള കേന്ദ്രം സ്ഥാപിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജംനഗറില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ മേഖല ദേശീയ പ്രാധാന്യത്തിലേക്ക് ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജയ്‌പൂരിലെ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഡീംഡ് സര്‍വകലാശാലയായാണ് സ്ഥാപിക്കുന്നത്.
ആയുര്‍വേദ ഗവേഷണത്തിനായി പ്രാധാന്യം നല്‍കി പ്രവര്‍ത്തനമാരംഭിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനങ്ങളാണിവ. ആയുര്‍വേദം ഇന്ത്യയുടെ പാരമ്പര്യമാണെന്നും അതിന്‍റെ വികാസം മാനുഷിക ക്ഷേമത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ പരമ്പരാഗത അറിവുകള്‍ മറ്റ് രാജ്യങ്ങള്‍ക്കും ഉപയോഗപ്രദമാണെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ബ്രസീലിന്‍റെ ദേശീയ നയത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ് മന്ത്രാലയം 2016 മുതല്‍ ദന്‍വന്തരി ജയന്തി ദിനത്തില്‍ ആയുര്‍വേദ ദിനമായി ആചരിച്ചു വരുന്നു.