ലഖ്‌നൗ: ലഖ്‌നൗ മൃഗശാലയിലെ ആറ് വയസുള്ള വെള്ളക്കടുവ ജയ്‌ക്ക് പുതിയ കൂട്ട് എത്തുന്നു. ചെന്നൈയിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്നാണ് മറ്റൊരു വെള്ളക്കടുവയെ ലഖ്‌നൗ മൃഗശാലയിലെത്തിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ഉടൻ ലഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ വെള്ളക്കടുവയെ ലഖ്‌നൗവിൽ എത്തിക്കുമെന്നും മൃഗശാല ഡയറക്‌ടർ വി കെ മിശ്ര പറഞ്ഞു.
മൃഗശാലയിലെ വെള്ളക്കടുവയായ വിശാഖയ്‌ക്ക് 2016ലാണ് ജയ്‌യും, വിജയ്‌യും ജനിച്ചത്. 2019ൽ വിജയ്‌യെ മൃഗങ്ങളുടെ കൈമാറ്റ പ്രക്രിയയുടെ ഭാഗമായി ഡൽഹി മൃഗശാലയിലേക്ക് അയച്ചു. തുടർന്ന് ജയ്‌ക്ക് കൂട്ടായി ഗീത എന്ന കടുവയെ എത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഗീതയെ ഗൊരഖ്‌പൂർ മൃഗശാലയിലേക്കയച്ചു.
ഗീത പോയതിനെത്തുടർന്ന് ജയ് പ്രത്യക്ഷത്തിൽ ഏകാന്തനായി മാറിയിരുന്നു. ഇതിനെത്തുടർന്നാണ് പുതിയ കടുവയെ ലഖ്‌നൗവിലേക്ക് എത്തിക്കാൻ അധികൃതർ ശ്രമം തുടങ്ങിയത്. മൃഗശാല അധികൃതർ ഒരിക്കലും അമ്മ കടുവയെയും അതിന്‍റെ സന്തതികളെയും ഒരുമിച്ചിടാറില്ല. അതിനാൽ ജയ്‌യുടെ അമ്മ വിശാഖ ലഖ്‌നൗ മൃഗശാലയിൽ തന്നെ മറ്റൊരു ഭാഗത്താണ് കഴിയുന്നത്.