വാഷിങ്‌ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വൈറ്റ് ഹൗസ് ഒരുക്കിയ വിരുന്നില്‍ അമേരിക്കന്‍ വിഭവങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ രുചികളും. മാരിനേറ്റ് ചെയ്‌ത മില്ലെറ്റും (ധാന്യം) ചോളം കൊണ്ടുള്ള സാലഡും സ്റ്റഫ് ചെയ്‌ത കൂണ്‍ വിഭവങ്ങളുമായിരുന്നു മെനുവിലെ പ്രധാന ആകര്‍ഷണം. പൂര്‍ണ വെജിറ്റേറിയനായ പ്രധാനമന്ത്രിയ്‌ക്കായി യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍റെ നേരിട്ടുള്ള നിര്‍ദേശത്തിലാണ് വിഭവങ്ങള്‍ ഒരുക്കിയത്. വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ വൈദഗ്‌ധ്യം നേടിയ ഷെഫ് നീന കര്‍ട്ടിസിനായിരുന്നു പാചക ചുമതല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 400 അതിഥികളും ഇന്ന് (ജൂണ്‍ 22) നടന്ന വിരുന്നില്‍ പങ്കെടുത്തു. മത്സ്യം കഴിക്കുന്ന അതിഥികള്‍ക്ക് മത്സ്യ വിഭവങ്ങളും ലഭ്യമാക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണിൽ പ്രത്യേകം അലങ്കരിച്ച പവലിയനിൽ ആണ് 400 അതിഥികള്‍ക്കുള്ള വിരുന്നൊരുക്കുന്നത് എന്ന് ജില്‍ ബൈഡന്‍ നേരത്തെ വ്യക്തമാക്കുകയുണ്ടായി.
വിരുന്നില്‍ സ്റ്റാര്‍ട്ടര്‍ ആയി മാരിനേറ്റ് ചെയ്‌ത മില്ലെറ്റ്, ഗ്രില്‍ ചെയ്‌തെടുത്ത ചോളം കൊണ്ടുള്ള സാലഡ്, തണ്ണിമത്തന്‍ കൊണ്ടുള്ള വിഭവങ്ങള്‍, അവക്കാഡോ വിഭവങ്ങള്‍ എന്നിവയാണ് വിളമ്പിയത്. പ്രധാന വിഭവങ്ങളായി സ്റ്റഫ് ചെയ്‌ത കൂണ്‍, കുങ്കുമപ്പൂ കലര്‍ത്തിയ ക്രീമി രൂപത്തിലുള്ള റിസോട്ടോ എന്നിവയാണ് ഒരുക്കിരുന്നത്. കൂടാതെ അതിഥികള്‍ക്കായി വറുത്ത മീന്‍ വിഭവങ്ങള്‍, തൈര്, മില്ലറ്റ് കേക്കുകള്‍, സ്‌ക്വാഷുകള്‍ എന്നിവയും വിരുന്നില്‍ ഉള്‍പ്പെടുത്തിയിരുന്നു.
റോസാപൂവും ഏലയ്‌ക്കയും ചേര്‍ത്ത സ്‌ട്രോബറി കേക്കുകളാണ് മധുര പലഹാരമായി വിളമ്പിയത്. ഒപ്പം വിവിധയിനം വൈനുകളും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. Stone Tower Chardonnay 'Kristi' 2021, PATEL Red Blend 2019 and Domain Carneros Brut Rose എന്നിവയാണ് വിരുന്നില്‍ വിളമ്പിയ വൈനുകള്‍.
വൈറ്റ് ഹൗസ് അതിഥികള്‍ക്കായി പ്രഥമ വനിത ജില്‍ ബൈഡന്‍റെ നിര്‍ദേശ പ്രകാരം ഭക്ഷണം തയ്യാറാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഷെഫ് കാര്‍ട്ടിസ് പ്രതികരിച്ചിരുന്നു. അമേരിക്കന്‍ പാചക രീതിയും ഇന്ത്യന്‍ രുചിയും വിരുന്നില്‍ ഒരുക്കിയിട്ടുണ്ടെന്നും കാര്‍ട്ടിസ് പറഞ്ഞു. 'ഇന്ത്യ മില്ലറ്റിന്‍റെ അന്താരാഷ്‌ട്ര വർഷം ആഘോഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ മെനുവിൽ മാരിനേറ്റഡ് മില്ലറ്റുകളും ഇന്ത്യൻ രുചികളും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്' -ഷെഫ് കൂട്ടിച്ചേര്‍ത്തു.
ഓരോഘട്ടത്തിലും പ്രഥമ വനിത നേരിട്ടെത്തിയാണ് വിരുന്നിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തിയതെന്ന് വൈറ്റ് ഹൗസ് സോഷ്യൽ സെക്രട്ടറി കാർലോസ് എലിസോണ്ടോ പറഞ്ഞു. അതിഥികളുടെ അനുഭവം ഊഷ്‌മളമാക്കുന്നതിന് വിഭവങ്ങളുടെയും അലങ്കാരത്തിന്‍റെയും എല്ലാ ഘടകങ്ങളും സസൂക്ഷ്‌മം തെരഞ്ഞെടുത്തിട്ടുണ്ടെന്നും എലിസോണ്ടോ നേരത്തെ വ്യക്തമാക്കുകയുണ്ടായി. 'യുഎസിന്‍റെയും ഇന്ത്യയുടെയും പാരമ്പര്യത്തെയും സംസ്‌കാരങ്ങളെയും ബഹുമാനിക്കുന്ന ഘടകങ്ങളാണ് വേദി അലങ്കരിക്കുന്നതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള പ്രചോദനം യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്' -കാർലോസ് എലിസോണ്ടോ കൂട്ടിച്ചേര്‍ത്തു.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഇഷ്‌ട നിറങ്ങളായ നീലയും പച്ചയും ആണ് അലങ്കാരത്തിന് ഉപയോഗിച്ച നിറങ്ങള്‍. സീലിങ് പച്ച നിറത്തിലുള്ള അലങ്കാര വസ്‌തുക്കള്‍ കൊണ്ട് മോഡി കൂട്ടിയപ്പോള്‍ മേശകള്‍ അലങ്കരിക്കാന്‍ നീലയും പച്ചയും നിറങ്ങളിലുള്ള ഇന്ത്യന്‍ സില്‍ക്കുകള്‍ തെരഞ്ഞെടുത്തു. പരവതാനികളും നീല നിറത്തില്‍ തന്നെയായിരുന്നു. ഇന്ത്യന്‍ പതാകയെയും പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന കുങ്കുമ നിറത്തിലുള്ള പൂക്കളും അലങ്കാരത്തിന് ഉപയോഗിച്ചിരുന്നു.