ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന് അനുമതി നൽകിയ ഡ്രഗ് കൺട്രോളർ ജനറൽ നടപടിയെ ചോദ്യം ചെയ്‌ത പ്രതിപക്ഷ പാർട്ടികൾക്കെതിരെ തിരിച്ചടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഇന്ത്യയുടെ നേട്ടങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുകയാണെന്ന് ജെ.പി നദ്ദ ട്വിറ്ററിലൂടെ ആരോപിച്ചു.
"ഇന്ത്യ പ്രശംസനീയമായ, പൊതുനന്മക്ക് ഉതകുന്ന എന്തെങ്കിലും നേടുമ്പോഴെല്ലാം ആ നേട്ടങ്ങളെ എതിർക്കാനും പരിഹസിക്കാനുമായി കോൺഗ്രസ് വന്യമായ സിദ്ധാന്തങ്ങൾ കൊണ്ടുവരുന്നു. അവർ കൂടുതൽ എതിർപ്പ് പ്രകടിക്കുമ്പോഴാണ്, അവരെ കൂടുതൽ തുറന്നുകാട്ടുന്നത്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കൊവിഡ് വാക്സിൻ," വാക്‌സിനെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ വിയോജിപ്പിന് മറുപടി നൽകി ജെ.പി നദ്ദ കുറിച്ചു.
മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്ത കൊവാക്സിന് അനുമതി നല്‍കിയത് അപകടത്തിലേക്ക് നയിച്ചേക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.