ഗുരുഗ്രാം : ഭിന്നശേഷിക്കാരിയായ യുവതിക്ക് ഗുരുഗ്രാം സൈബർ ഹബ്ബിലെ പ്രശസ്‌തമായ റാസ്‌ത പബ്ബിൽ പ്രവേശനം നിഷേധിച്ചതായി പരാതി. സൃഷ്‌ടി പാണ്ഡെ എന്ന യുവതിയാണ് സോഷ്യൽ മീഡിയ വഴി, വീൽചെയറിലായതിനാൽ അധികൃതർ പബ്ബിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. സൃഷ്‌ടി പാണ്ഡെയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
എന്നാൽ പരാതി നിഷേധിച്ച് ക്ലബ് മാനേജ്‌മെന്‍റ് രംഗത്തെത്തി. യുവതിക്ക് പ്രവേശനം നിരസിച്ചിട്ടില്ലെന്നും എന്നാൽ പബ്ബിൽ തിരക്കായതിനാൽ വീൽചെയർ എന്തെങ്കിലും അപകടത്തിന് കാരണമാകുമെന്ന് കരുതി ഡാൻസ് ഫ്ലോറിലേക്ക് പോകുന്നത് തടയുകയായിരുന്നുവെന്നും റാസ്‌ത പബ്ബിന്‍റെ മാനേജർ ബി.മാധവ് അവകാശപ്പെട്ടു.
- — Srishti (she/her🏳🌈) (@Srishhhh_tea) February 12, 2022 " class="align-text-top noRightClick twitterSection" data="
— Srishti (she/her🏳🌈) (@Srishhhh_tea) February 12, 2022
">— Srishti (she/her🏳🌈) (@Srishhhh_tea) February 12, 2022
"കഴിഞ്ഞ ദിവസം രാത്രി ഞാൻ എന്‍റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം റാസ്‌ത പബ്ബിൽ പോയി. വളരെ കാലത്തിന് ശേഷം ഞാൻ ആദ്യമായി പുറത്തുപോകുന്നതാണിത്. എനിക്ക് അത് ആസ്വദിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്‍റെ സുഹൃത്തിന്‍റെ ജ്യേഷ്‌ഠൻ നാല് പേർക്കുള്ള മേശ ചോദിച്ചു. ജീവനക്കാർ അദ്ദേഹത്തെ ഡസ്‌കിൽ വച്ച് രണ്ട് തവണ അവഗണിച്ചു.
മൂന്നാം തവണ ചോദിച്ചപ്പോൾ വീൽചെയർ അകത്ത് കയറ്റാൻ കഴിയില്ല എന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. വീൽചെയർ അകത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണമാണ് ജീവനക്കാർ അങ്ങനെ പറഞ്ഞത് എന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. എന്നാൽ അതല്ലായിരുന്നു. ഞങ്ങൾ കൈകാര്യം ചെയ്യാം എന്ന് പറഞ്ഞപ്പോൾ അകത്തുള്ള കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടാകും എന്ന മറുപടിയാണ് എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ നൽകിയത്.
ഒരുപാട് തർക്കങ്ങൾക്ക് ശേഷം പുറത്ത് ഒരു ടേബിൾ നൽകാൻ അവർ തയാറായി. എന്നാൽ തണുപ്പ് കൂടി വരുന്നതിനാൽ എനിക്ക് അധിക നേരം പുറത്തിരിക്കാൻ കഴിയുമായിരുന്നില്ല. കാരണം തണുപ്പിൽ എന്‍റെ ശരീരം തളരാൻ തുടങ്ങും." സൃഷ്‌ടി പാണ്ഡെ പങ്കുവച്ച ട്വീറ്റിൽ പറയുന്നു.
പബ്ബിലെ ജീവനക്കാരുമായുള്ള തർക്കത്തിന്‍റെ വീഡിയോയും സൃഷ്‌ടി പാണ്ഡെ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വസ്‌തുതകളെ വളച്ചൊടിക്കുകയാണെന്നാണ് റാസ്‌ത പബ്ബ് അധികൃതരുടെ വിശദീകരണം. യുവതിക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും എന്നാൽ യുവതി ഡാൻസ് ഫ്ലോറിലേക്ക് പോകാൻ തുടങ്ങിയപ്പോൾ തടയുക മാത്രമാണ് ഉണ്ടായതെന്നും പബ്ബ് മാനേജർ പറയുന്നു.
ഡാൻസ് ഫ്ലോറില്‍ സ്റ്റെപ്പുകളും നല്ല തിരക്കും ഉണ്ടായിരുന്നതിനാൽ യുവതിയുടെ സുരക്ഷയെ കൂടി കരുതിയാണ് തടഞ്ഞതെന്ന് മാധവ് പറഞ്ഞു.
Also Read: ഉഡുപ്പിയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ നിരോധിച്ചു
സൃഷ്‌ടിയുടെ ട്വീറ്റിന് പ്രതികരണവുമായി നടിയും ചലച്ചിത്ര നിർമാതാവുമായ പൂജ ഭട്ട് രംഗത്തെത്തി. 'ഒരു സമൂഹമെന്ന നിലയിൽ ദയ പൂർണമായും ഇല്ലാതായിരിക്കുന്നു. വീൽചെയറിൽ ഉള്ള ഒരാളെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് ഒരു കാര്യം. അതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരാളെ തുല്യതയോടെ കാണാതിരിക്കലും അർഹിക്കുന്ന മാന്യത നൽകാതിരിക്കലും മറ്റൊന്ന്' - പൂജ ഭട്ട് ട്വീറ്റ് ചെയ്‌തു.
ഗുരുഗ്രാം പൊലീസും പാണ്ഡെയുടെ പോസ്റ്റിനോട് പ്രതികരിച്ചു. സൃഷ്‌ടി പാണ്ഡെയെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിഎൽഎഫ് ഫേസ് 2 പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്‌ടർ പവൻ മാലിക് പറഞ്ഞു.