അനകപ്പള്ളി : ആന്ധ്രാപ്രദേശിൽ വൈസിപി നേതാക്കൾക്കെതിരെ വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്‌തതിന് മര്‍ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്‌തു. കോതപ്പള്ളി കാശിങ്കോട്ട സ്വദേശിയായ സ്വകാര്യ ജീവനക്കാരൻ ശ്രീനിവാസ് (26) ആണ് സർപഞ്ച് ഉദ്യോഗസ്ഥന്‍റെയും വൈസിപി നേതാവിന്‍റെയും ആക്രമണം മൂലം ജീവനൊടുക്കിയത്.
പൊലീസ് പറയുന്നതിങ്ങനെ : അനകപ്പള്ളി വില്ലേജ് സിഐ ജി. ശ്രീനിവാസ റാവു നൽകുന്ന വിവരമനുസരിച്ച് സർപഞ്ച് കണ്ണം ശ്യാം, വൈസിപി നേതാവ് അദ്ദേപ്പള്ളി ശ്രീനിവാസ റാവു എന്നിവർ ശ്രീനിവാസിന്‍റെ സുഹൃത്തായ യുവതിയോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ടാണ് ശ്രീനിവാസ് വാട്ട്‌സ്‌ആപ്പിൽ സ്റ്റാറ്റസിട്ടത്. എന്നാൽ ഇതിൽ പ്രകോപിതരായ സർപഞ്ചും അനുയായികളും ശ്രീനിവാസിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ മനംനൊന്താണ് ശ്രീനിവാസ് ആത്മഹത്യ ചെയ്‌തതെന്ന് സിഐ പറയുന്നു. മരണത്തിന് മുമ്പ് ശ്രീനിവാസ് തന്‍റെ സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. തനിക്ക് ജീവിക്കാൻ ആഗ്രഹമില്ലെന്നും തന്‍റെ സുഹൃത്ത് നേരിട്ട അപമാനം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതാണോ താൻ ചെയ്‌ത തെറ്റെന്നും ശ്രീനിവാസ് വീഡിയോയിൽ ചോദിക്കുന്നുണ്ട്.
അധികാരമുണ്ടെങ്കിൽ എന്തും ചെയ്യാമെന്നാണോ, എന്‍റെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരട്ടെയെന്നും ശ്രീനിവാസ് പറയുന്നു. സന്ദേശം ലഭിച്ച സുഹൃത്തുക്കൾ വീട്ടിലേക്ക് എത്തിയപ്പോഴേക്കും ശ്രീനിവാസ് മരിച്ചിരുന്നു. ശ്രീനിവാസന്‍റെ മാതാപിതാക്കളുടെ പരാതിയിൽ സർപഞ്ച് ശ്യാം, ശ്രീനിവാസ റാവു, കണ്ണം കിഷോർ, വി. ശ്രീനു, എസ്. സുരേഷ്, എസ്. പ്രേം എന്നിവർക്കെതിരെ കേസെടുത്തതായും പ്രതികളെ അറസ്റ്റ് ചെയ്തതായും സിഐ അറിയിച്ചു.
മുൻ എംഎൽഎമാരായ പിള്ളൈ ഗോവിന്ദ സത്യനാരായണ, ബുദ്ധ നാഗജഗദീശ്വര റാവു എന്നിവർ ഇരയുടെ കുടുംബത്തെ സന്ദർശിച്ചു. പ്രതികൾക്ക് കർശന ശിക്ഷ നേടിക്കൊടുക്കണമെന്നും ശ്രീനിവാസന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.