ന്യൂഡൽഹി: ഉപയോക്താക്കൾക്ക് വിവാദ സ്വകാര്യത നയം അപ്‌ഡേറ്റ് സ്വീകരിക്കുന്നതിനുള്ള സമയപരിധി വാട്‌സ്‌ആപ്പ് റദ്ദാക്കി. മെയ് 15വരെയായിരുന്നു കമ്പനി സമയം നൽകിയിരുന്നത്. അതുകൊണ്ട് തന്നെ പുതിയ സ്വകാര്യത അംഗീകരിക്കാത്തത് അക്കൗണ്ടുകൾ ഡിലീറ്റാകാൻ ഇടയാക്കില്ലെന്നും കമ്പനി അറിയിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസെഞ്ചർ അപ്പായ വാട്‌സ്‌ആപ്പിന്‍റെ പുതിയ സ്വകാര്യത അപ്ഡേറ്റിനെതിരെ ആദ്യം തന്നെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. തങ്ങളുടെ സ്വകാര്യത വാട്‌സ്‌ആപ്പിൽ നഷ്ടപ്പെടുന്നു എന്ന് ഉപയോക്താക്കൾ ആശങ്ക പങ്കുവെച്ചിരുന്നു.
Also read: വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം; കേന്ദ്രത്തിനോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
എന്നാൽ ഇന്ത്യയിലെ വാട്‌സ്‌ആപ്പ് ഉപയോക്താക്കൾക്ക് അക്കൗണ്ട് ഡിലീറ്റ് ആകുമോ എന്ന പേടി കൂടാതെ തന്നെ പുതിയ സ്വകാര്യത അപ്ഡേറ്റ് നിരസിക്കാം. എന്നാൽ പുതിയ അപ്ഡേറ്റിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ പിന്തുടരും. പുതിയ സ്വകാര്യ നിബന്ധനകൾ ഭൂരിപക്ഷം ഉപയോക്താക്കളും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചിലർക്ക് ഇതുവരെയും അതിനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. എന്നാൽ പുതിയ തീരുമാനത്തിന്‍റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. കൂടാതെ പുതിയ സ്വകാര്യ നിബന്ധന അംഗീകരിച്ചവരുടെ എണ്ണവും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Also read: വാട്‌സ്ആപ്പ് നയം പുതുക്കി; സ്വകാര്യത സംരക്ഷിക്കുമെന്ന് ആപ്ലിക്കേഷൻ
ഈ വർഷം ജനുവരിയിൽ, വാട്ട്‌സ്ആപ്പ് അതിന്‍റെ സേവന നിബന്ധനകളിലെയും പൊതുനയത്തിലെയും മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ഒരു നോട്ടിഫിക്കേഷനിലൂടെ അറിയിച്ചിരുന്നു. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് തുടരുന്നതിന് ഉപയോക്താക്കൾക്ക് പുതിയ നിബന്ധനകൾ അംഗീകരിക്കുന്നതിന് ഫെബ്രുവരി എട്ട് വരെയാണ് തുടക്കത്തിൽ കമ്പനി സമയം നൽകിയിരുന്നത്.