ന്യൂഡല്‍ഹി: 18.05 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വാട്‌സ്ആപ്പ് നിരോധിച്ചു. ഉപയോക്താക്കളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലും ചട്ടലംഘനം കണ്ടെത്താന്‍ വേണ്ടി കമ്പനി തന്നെ സ്വീകരിച്ച സംവിധാനങ്ങള്‍ ഉപയോഗിച്ചുമാണ് അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്‌സ്ആപ്പിന്‍റെ പ്രതിമാസ പരാതി പരിഹാര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രാജ്യത്തെ പുതിയ ഐടി ചട്ടപ്രകാരം എല്ലാ മാസവും പരാതികളില്‍ നടപടിയെടുത്തതിലും ചട്ടങ്ങള്‍ പാലിച്ചതിനെപറ്റിയും അമ്പത് ലക്ഷത്തില്‍ അധികം ഉപയോക്താക്കളുള്ള സാമൂഹ്യ മാധ്യമ കമ്പനികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം ദുരുപയോഗിച്ചതിന് 14.26 ലക്ഷം അക്കൗണ്ടുകളാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ നിരോധിച്ചത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ആധുനികമായ മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവ ഉപയോഗിക്കുകയും ഡാറ്റ ശാസ്ത്രജ്ഞരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.