നിയമ നിര്‍മാണപ്രക്രിയയില്‍ ബില്‍ എന്ന് പറഞ്ഞാല്‍ നിയമമാകുന്നതിനുമുമ്പുള്ള കരടാണ്. കേന്ദ്ര നിയമ നിര്‍മാണമാണെങ്കില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ചതിനുശേഷം പ്രസിഡന്‍റ് ആ ബില്ലില്‍ ഒപ്പുവച്ച് കഴിഞ്ഞാല്‍ മാത്രമേ ബില്‍ നിയമമാകുകയുള്ളൂ.
ഭരണഘടനപരമായി ബില്ലുകളെ അഞ്ചായി തിരിച്ചിരിക്കുന്നു
- ഓര്‍ഡിനറി ബില്‍
- മണി ബില്‍
- ഫിനാന്‍സ് ബില്‍
- ഓര്‍ഡിനന്‍സിനെ നിയമമാക്കാന്‍ കൊണ്ടുവരുന്ന ബില്ലുകള്‍
- ഭരണഘടന ഭേദഗതി ബില്ലുകള്‍
മണി ബില്ലും ഫിനാന്‍സ് ബില്ലും ഒഴിച്ചുള്ള മറ്റ് ബില്ലുകള്‍ ലോക്‌സഭയിലോ രാജ്യസഭയിലോ അവതരിപ്പിക്കാം. പക്ഷെ മണിബില്ലുകളും ഫിനാന്‍സ് ബില്ലുകളും ആദ്യം അവതരിപ്പിക്കേണ്ടത് ലോക്‌സഭയിലാണ്. മണിബില്ലുകളില്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയ്ക്ക് പരിമിതമായ അധികാരങ്ങള്‍ മാത്രമേയുള്ളൂ. കേന്ദ്രസര്‍ക്കാറിന് ലോക്‌സഭയിലെ ഭൂരിപക്ഷം മാത്രം മതി മണി ബില്ലുകള്‍ നിയമമാക്കാന്‍. ലോക്‌സഭ പാസാക്കിയ മണിബില്ലുകള്‍ ഭേദഗതി വരുത്താനോ തിരസ്കരിക്കാനോ രാജ്യസഭയ്ക്ക് അധികാരമില്ല
2016ല്‍ ആധാര്‍ ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത് മണിബില്ലായിട്ടാണ്. അന്ന് ഭരണത്തില്‍ ഉള്ള എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ടാണ് ആധാര്‍ ബില്ല് ധനകാര്യ ബില്ലായി അവതരിപ്പിച്ചത് എന്ന വിമര്‍ശനം ഉയര്‍ന്നു.
ആധാര്‍ ബില്ല് മണി ബില്ലായി അവതരിപ്പിച്ച് പാസാക്കിയതിലെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി അതിന്‍റെ ഭരണഘടന സാധുത അംഗീകരിച്ചു. എന്നാല്‍ ഭൂരിപക്ഷ വിധിയില്‍ വിയോജിച്ചുകൊണ്ട് ജസ്റ്റീസ് ചന്ദ്രചൂഡ് ന്യൂനപക്ഷം വിധി പുറപ്പെടുവിച്ചു.
ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 110 മണി ബില്ല് എന്താണെന്ന് വിശദീകരിക്കുന്നു. സര്‍ക്കാരിന്‍റെ നികുതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, പുതിയ നികുതികള്‍, നിലവിലെ നികുതി നിരക്കിലെ മാറ്റങ്ങള്‍, സര്‍ക്കാരിന്‍റെ ചിലവും വരുമാനവും, കടമെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് മണി ബില്ലുകള്‍. എന്നാല്‍ പ്രാദേശിക നികുതികളുമായി ബന്ധപ്പെട്ടവ മണി ബില്ലിന്‍റെ പരിധിയില്‍ വരില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്നും പണം എടുക്കുന്നതും അവയിലേക്ക് പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മണി ബില്ലിന്‍റെ പരിധിയിലാണ് വരുന്നത്.
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യക്ഷ പരോക്ഷ നികുതി വരുമാനങ്ങള്‍ നിക്ഷേപിക്കപ്പെടുക കണ്‍സോളിഡേറ്റഡ് ഫണ്ടിലാണ്. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന വായ്പകളും കേന്ദ്ര സര്‍ക്കാരിന് പലിശ ഇനത്തില്‍ ലഭിക്കുന്നവയും നിക്ഷേപിക്കുന്നത് ഈ ഫണ്ടിലാണ്. കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനും അതില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും പാര്‍ലമെന്‍റിന്‍റെ അനുമതി ആവശ്യമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള ഫണ്ടാണ് കണ്ടിന്‍ജന്‍സി ഫണ്ട്.
കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും അതിലേക്ക് പണം നിക്ഷേപിക്കാനും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ അനുമതി സ്വീകരിക്കുന്നത് മണി ബില്‍ അവതരിപ്പിച്ചുകൊണ്ടാണ്. ഉദാഹരണത്തിന് രാഷ്ട്രപതിയുടെ ശമ്പളം വര്‍ധിപ്പിക്കണമെങ്കില്‍ ഈ വിഷയത്തില്‍ മണി ബില്‍ അവതരിപ്പിക്കേണ്ടതുണ്ട്. കാരണം രാഷ്ട്രപതിയുടെ ശമ്പളം കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് കൊടുക്കുന്നത്.
മണി ബില്‍ ഏതെന്ന് തീരുമാനിക്കുന്ന മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് അനുബന്ധമായി വരുന്ന കാര്യങ്ങള്‍ അടങ്ങുന്ന ബില്ലുകലും മണി ബില്ലിന്‍റെ പരിധിയില്‍ വരും എന്ന് ഭരണഘടന വിശദീകരിക്കുന്നു. അനുബന്ധമായി വരുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചിട്ടില്ല.
ഇങ്ങനെ മണിബില്ലിനെ ഉദാരമായി വ്യാഖ്യാനിക്കാനുള്ള സാധ്യത പലപ്പോഴും കാലാകാലങ്ങളിലുള്ള കേന്ദ്ര സര്‍ക്കാറുകള്‍ ദുരുപയോഗിക്കുന്നു എന്നുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്. ആധാര്‍ നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ദുരുപയോഗം നടന്നു എന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഒരു ബില്ല് മണി ബില്ലാണോ എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അവകാശം ലോക്സഭാ സ്പീക്കര്‍ക്കാണ് ഭരണഘടന നല്‍കിയിരിക്കുന്നത്.
ALSO READ:കര്‍ഷകരുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയിൽ വീഴ്‌ചയെന്ന് ആരോപണം