കൊൽക്കത്ത: കോണ്ടായിലെ പോളിങ് സെന്‍റർ 149 ൽ വോട്ട് ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയുകയാണെന്ന് ബിജെപി നേതാവും സുവേന്ദു അധികാരിയുടെ സഹോദരനുമായ സൗമേന്ദു അധികാരി ആരോപിച്ചു. ചില സ്ഥലങ്ങളിലെ വോട്ടിങ് മെഷീനുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും തെരഞ്ഞടുപ്പ് കമ്മീഷൻ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സൗമേന്ദു അധികാരി പറഞ്ഞു. ജനങ്ങൾ അവർക്ക് വേണ്ടവരെ തെരഞ്ഞെടുക്കുമെന്നും തൃണമൂൽ കോൺഗ്രസ് ഭയപ്പെട്ടിരിക്കുകയാണെന്നും സൗമേന്ദു കൂട്ടിച്ചേർത്തു.
അസംബ്ലി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വർഷം ആദ്യമാണ് സൗമേന്ദു തൃണമൂൽ വിട്ട് ബിജെപിയിൽ ചേര്‍ന്നത്. 30 നിയോജകമണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പുരുലിയ, ഝാര്‍ഗ്രാം, ബങ്കുറ, പുര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 30 മണ്ഡലങ്ങളിലായി 21 സ്ത്രീകളടക്കം 191 പേര്‍ മത്സര രംഗത്തുണ്ട്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്- ഇടത് സഖ്യം, ബിജെപി എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. 37,52,938 പുരുഷന്മാരും 36,27,949 വനിതകളും 55 ട്രാന്‍സ്‌ജെൻഡർ വോട്ടര്‍മാരുമടക്കം 73,80,942 വോട്ടര്‍മാരാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ളത്.