കൊൽക്കത്ത : പശ്ചിമ ബംഗാളിൽ (West Bengal) പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ (Panchayat Polls) വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ 18 പേർ മരിച്ചു. ഇല്ലംബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെൽവ പ്രൈമറി സ്‌കൂളിൽ ഉണ്ടായ അക്രമത്തിൽ ഇടിവി ഭാരത് റിപ്പോർട്ടർ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. പോളിങ് ബൂത്തിൽ നടത്തുന്ന കൃത്രിമം ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റത്.
ഇടിവി ഭാരത് റിപ്പോർട്ടർ അവിഷേക് ദത്ത റോയ്, മറ്റൊരു മാധ്യമപ്രവർത്തകനായ ഇന്ദ്രജിത് റൂജ് എന്നിവരെയാണ് അക്രമികൾ മർദിച്ചത്. മാധ്യമപ്രവർകത്തകരെ മുളവടികൾ ഉപയോഗിച്ച് മർദിക്കുകയും വസ്‌ത്രങ്ങൾ വലിച്ചുകീറുകയും കണ്ണട പൊട്ടിക്കുകയും മൊബൈൽ ഫോണുകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌തു.
തോക്കുകളില്ലാതെ രണ്ട് വനിത പൊലീസുകാരെ മാത്രമാണ് ഇവിടുത്തെ പോളിങ് ബൂത്തുകളിൽ നിയോഗിച്ചിരുന്നത്. സമീപത്ത് കേന്ദ്രസേനയും ഉണ്ടായിരുന്നില്ല. ബിർഭൂമിലെ ഇല്ലംബസാറിലെ 90, 91 നമ്പർ ബൂത്തുകളിൽ കൃത്രിമം നടക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർ ഇവിടെ എത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.
മുർഷിദാബാദ്, നാദിയ, കൂച്ച് ബെഹാർ ജില്ലകൾ കൂടാതെ സൗത്ത് 24 പർഗാനകളിലെ ഭംഗർ, പുർബ മേദിനിപൂരിലെ നന്ദിഗ്രാം എന്നിവിടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. മുർഷിദാബാദിൽ അഞ്ച് പേരും ഉത്തർ ദിനാജ്‌പൂരിൽ നാല് പേരും കൂച്ച് ബെഹാറിൽ മൂന്ന് പേരും ഈസ്റ്റ് ബർധമാനിലും മാൾഡയിലും രണ്ട് പേർ വീതവും സൗത്ത് 24 പർഗാനാസ്, നാദിയ ജില്ലകളിൽ ഓരോരുത്തർ വീതവും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ എട്ട് പേർ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ പ്രവർത്തകരാണെന്നും ബാക്കിയുള്ളവർ ബിജെപി, സിപിഎം, കോൺഗ്രസ്, ഐഎസ്എഫ് എന്നീ പാർട്ടികളുടെ പ്രവർത്തകരാണെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വാഗ്‌ദാനം ചെയ്‌ത കനത്ത സുരക്ഷയും കേന്ദ്രസേനയെ വൻതോതിൽ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടും അക്രമം നടന്നു. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 73,887 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ആകെ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്തുടെനീളം റിപ്പോർട്ട് ചെയ്‌തത്. 22 ജില്ലകളിലായി 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളും 9,730 പഞ്ചായത്ത് സമിതി സീറ്റുകളുമാണുള്ളത്.
പശ്ചിമ ബംഗാൾ മൂന്നാം തവണയും പിടിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് (trinamool congress). ഇക്കാരണം കൊണ്ട് തന്നെ തൃണമൂലിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമായേക്കും. മുഖ്യമന്ത്രി മമത ബാനർജിയും തൃണമുല്‍ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ചേർന്നാണ് ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്തുടനീളം നടന്ന അക്രമസംഭവങ്ങളെ ഗവർണർ ഡോ. സി വി ആനന്ദ ബോസ് അപലപിച്ചു. പശ്ചിമ ബംഗാളിലെ സ്ഥിതിഗതികൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും എന്ത് വിലകൊടുത്തും സമാധാനം പുനസ്ഥാപിക്കണമെന്നും ഗവർണർ പറഞ്ഞു.