നരേന്ദ്രപൂർ: നവജാത ശിശുവിനെ രണ്ട് ലക്ഷം രൂപയ്‌ക്ക് വിറ്റതിന് അമ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നരേന്ദ്രപൂരിലാണ് സംഭവം. യുവതിയുടെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
നവജാത ശിശുവിന്‍റെ അമ്മയ്‌ക്ക് പുറമെ, വില്‍പനയ്‌ക്ക് മധ്യസ്ഥത വഹിച്ച ദമ്പതികള്‍, കുഞ്ഞിനെ വാങ്ങിയ ഒരു സ്‌ത്രീ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവജാത ശിശുവിനെ യുവതി വില്‍ക്കാനുള്ള കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍, യുവതിയുടെ ഭർത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതായി സ്ഥിരീകരിച്ചു. ശേഷം, അവര്‍ മറ്റൊരു പുരുഷനുമായി അടുപ്പത്തിലായിരുന്നുവെന്നും ആ ബന്ധത്തിലാണ് ഗർഭിണിയായതെന്നും പൊലീസ് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ സമീപവാസികള്‍ യുവതിയോട് കയര്‍ത്ത് സംസാരിക്കുകയും പരിഹസിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ വില്‍പന നടത്തിയതെന്നതില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ശാന്തി പഞ്ചസയാർ പ്രദേശത്തെ മക്കളില്ലാത്ത യുവതിക്കാണ്, 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റത്. ഇവര്‍ പണം തരപ്പെടുത്താന്‍ ഭൂമി വിറ്റെന്നും ഇങ്ങനെയാണ് രണ്ട് ലക്ഷം നവജാത ശിശുവിന്‍റെ അമ്മയ്‌ക്ക് നല്‍കിയതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
'കുട്ടിയെ വിറ്റതല്ല, നല്‍കിയത് നല്ല ഭാവിയ്‌ക്ക്': ചോദ്യം ചെയ്യലിൽ പ്രതികള്‍ സംഭവം നിഷേധിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശിശുവിനെ താന്‍ വിറ്റതല്ലെന്നും നല്ല ഭാവിയുണ്ടാവാന്‍ നല്‍കുകയായിരുന്നെന്നുമാണ് അമ്മ പറയുന്നത്. കുഞ്ഞിനെ വാങ്ങിയ സ്‌ത്രീയും ഇതേ വാദം തന്നെ ആവർത്തിക്കുകയാണുണ്ടായത്. 'ഞാൻ കുട്ടിയെ പണം കൊടുത്തല്ല വാങ്ങിയത്. കുഞ്ഞിന്‍റെ നല്ല ഭാവി ഓര്‍ത്ത് എന്‍റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശിശുവിന്‍റെ അമ്മ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതുകണ്ട് ഞാൻ അവൾക്ക് രണ്ട് ലക്ഷം നൽകി. അത് ശിശുവിനെ തന്നതിനുള്ള പ്രതിഫലമായല്ല കൊടുത്തത്.' - നവജാത ശിശുവിനെ വാങ്ങിയ യുവതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
മധ്യസ്ഥത വഹിച്ച ദമ്പതികളും സമാന വാദമാണ് ഉയര്‍ത്തിയത്. തങ്ങള്‍ക്ക് ഇതില്‍ പണമൊന്നും ലഭിച്ചില്ലെന്നും കുഞ്ഞില്ലാത്ത യുവതിയെ സഹായിക്കാൻ ഇടപെടുക മാത്രമേ ചെയ്‌തുള്ളൂവെന്നും അവര്‍ പറഞ്ഞു. സംഭവത്തിന് പിന്നിൽ കുട്ടികളെ കടത്തുന്ന മാഫിയ സംഘങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
മദ്യപിക്കാന്‍ കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് പിതാവ്: മഹാരാഷ്ട്രയില്‍, മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിനായി പിതാവ് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ വാര്‍ത്ത 2022 ഡിസംബറില്‍ പുറത്തുവന്നിരുന്നു. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ പിതാവിനേയും വില്‍പനയ്ക്ക് സഹായിച്ച അനാഥാലയ ജോലിക്കാരിയേയും പഞ്ചവലി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
READ MORE | മദ്യപിക്കാന്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് പിതാവ് ; ഇടനിലക്കാരിയും അറസ്റ്റില്‍
റാണി റാണി ദുർഗാവതി പ്രദേശത്താണ് സംഭവം. കുട്ടിയുടെ പിതാവും ഭന്ധാര സ്വദേശിയുമായ ഉത്കര്‍ഷ് ദഹിവാല ജോലിക്കായാണ് കുടുംബത്തോടൊപ്പം റാണി റാണി ദുർഗവതി പ്രദേശത്ത് എത്തിയത്. ഇവിടെവച്ച് ഈശ്വരി ഗര്‍ഭിണിയാകുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.