കൊല്‍ക്കത്ത: ബംഗാളില്‍ രണ്ടാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നന്ദിഗ്രാമില്‍ നിരോധനാജ്ഞ. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും, തൃണമൂല്‍ വിട്ട് ബിജെപിയിലെത്തി മുന്‍ മന്ത്രി കൂടിയായ സുവേദു അധികാരിയും ഈ ഘട്ടത്തില്‍ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടും.
ഇരുവരും തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് രണ്ടാം ഘട്ടം സാക്ഷിയാവുക. അക്രമവും അനിഷ്‌ട സംഭവങ്ങളും ഒഴിവാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണ് മാര്‍ച്ച് 30ന് വൈകുന്നേരം 6.30 മുതല്‍ ഏപ്രില്‍ 2 വരെ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മെദ്‌നിപൂര്‍ ജില്ലയിലെ ഹാല്‍ദിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അവ്‌നീത് പുനിയ വ്യക്തമാക്കി. നന്ദിഗ്രാമില്‍ ടിഎംസിയെ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് നേരത്തെ ബിജെപി നേതാവ് സുവേദു അധികാരി വ്യക്തമാക്കിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരും വോട്ടര്‍മാരും ഒഴികെ പോളിങ് പരിസരത്ത് 200 മീറ്റര്‍ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോളിങ് സ്റ്റേഷന്‍റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈല്‍ ഫോണുകളോ, വയര്‍ലെസ് സെറ്റുകളോ ഉപയോഗിക്കാന്‍ അനുമതിയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഉത്തരവ് ബാധകമില്ല.
സൗത്ത് 234 പരഗാനാസ്, ബങ്കുര, പശ്ചിം മെദ്‌നിപ്പൂര്‍, പുര്‍ബ മെദ്‌നിപ്പൂര്‍ എന്നീ ജില്ലകളിലെ 30 അസംബ്ലി മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന 171 സ്ഥാനാര്‍ഥികളില്‍ 152 പേര്‍ പുരുഷന്മാരും 19 പേര്‍ സ്‌ത്രീകളുമാണ്.