കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ ഉച്ചയ്ക്ക് 3.30 വരെ 69.40 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. ആറ് ജില്ലകളിലെ 45 നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
കനത്ത സുരക്ഷയോടെ പോളിങ് രാവിലെ 7.30ന് ആരംഭിച്ചു. ഉച്ചയ്ക്ക് 3.30 വരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ജൽപായ്ഗുരി ജില്ലയിലെ രാജ്‌ഗഞ്ച് മണ്ഡലത്തിലും കുറവ് പോളിങ് രേഖപ്പെടുത്തിയത് കുർസെയോങ് മണ്ഡലത്തിലുമാണ്. 80.32 ശതമാനമാണ് രാജ്‌ഗഞ്ച് മണ്ഡലത്തിലെ പോളിങ് ശതമാനം. ജില്ലാടിസ്ഥാനത്തിൽ ജൽപായ്ഗുരിയിലാണ് ഏറ്റവും കൂടുതൽ വോട്ടിങ്.
അതേസമയം, ബിദാൻനഗറിൽ ബിജെപിയും തൃണമൂൽ കോൺഗ്രസ് അനുഭാവികളും തമ്മിൽ ഏറ്റുമുട്ടി. 265, 272 ബൂത്തുകളിൽ ബിജെപി പ്രവർത്തകരുടെ കല്ലേറില്‍ രണ്ട് തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റതായും തെരഞ്ഞെടുപ്പ് നിരീക്ഷകനെയും പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും ബിദാൻനഗറിലെ തൃണമൂൽ സ്ഥാനാർഥി സുജിത് ബോസ് പറഞ്ഞു.
ജൽപായ്ഗുരി, കലിംപോങ്, ഡാർജിലിങ്, നാദിയ, നോർത്ത് 24 പർഗാനസ്, പൂർബ ബർദ്ധമാൻ എന്നീ ജില്ലകളിലെ 39 സ്ത്രീകളടക്കം 319 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിന് കേന്ദ്ര സേനയുടെ 1,071 കമ്പനികളെ ബംഗാളിൽ വിന്യസിച്ചിട്ടുണ്ട്.
ആറാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 22 ന് നടക്കും.