ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസ്-ഇടത് സഖ്യം രൂപീകരിക്കുന്നതില്‍ ജനുവരി അവസാനത്തോടെ തീരുമാനം ഉണ്ടായേക്കും. സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ഉന്നത കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടെന്നാണ് വിവരം. സ്ഥാനാർഥി നിർണയം നടത്തേണ്ടതിനാൽ ജനുവരി അവസാനം തന്നെ തീരുമാനത്തിലെത്തണമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, കോൺഗ്രസ് സിപിഎമ്മുമായി സഖ്യത്തിലാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമിതിയാണ് ഇടത് പാര്‍ട്ടികളുമായി സഖ്യ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നാലാം വട്ട ചര്‍ച്ചകള്‍ക്ക് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടത് പാർട്ടികള്‍ 32 ഇടത്തുമാണ് വിജയിച്ചത്. സഖ്യത്തിലെത്താനായാല്‍ മുന്നണി സംസ്ഥാനത്തെ കരുത്തുറ്റ രാഷ്ട്രീയ ശക്തിയാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.