ദിസ്‌പൂർ: പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ ഭയന്ന് അസമിലേക്ക് കുടിയേറിയ അഭയാർഥികളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. അസമിലെ അഗോമാനി പ്രദേശത്തെ രൺപാഗ്ലി ക്യാമ്പിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ഏറ്റുമുട്ടൽ സമീപനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം ഗവർണർ പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ സന്ദർശിക്കുകയും അക്രമത്തിൽ പരിക്കേറ്റവരുമായി സംവദിക്കുകയും ചെയ്തിരുന്നു. കുറ്റവാളികൾക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം മമത ബാനർജി സർക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ ഒമ്പത് പാർട്ടി പ്രവർത്തക നഷ്ടമായെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആരോപണം നിഷേധിച്ചു.
Read More: അസമിലെത്തിയ അഭയാർഥികളെ ബംഗാൾ ഗവർണർ സന്ദർശിക്കും
മെയ് ഏഴിന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമണം നടന്ന പ്രദേശത്തെക്കുറിച്ചും സ്വീകരിച്ച തുടർ നടപടികളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി അഞ്ചംഗ ഭരണഘടന ബഞ്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് രണ്ടിന് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.