കൊല്‍ക്കത്ത: നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കൊൽക്കത്ത പൊലീസിന്‍റെ സാന്നിധ്യത്തിൽ രാജ്ഭവന് മുന്നിൽ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് തേടി. പൊലീസിന്‍റെ കണ്‍മുന്നില്‍ വച്ച് ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതെന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ഏകദേശം രണ്ട് മണിക്കൂറിലധികം രാജ്ഭവന് മുന്‍പില്‍ ലഹള നടന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. അക്രമികള്‍ ഭരണഘടനാ രാഷ്ട്രത്തലവനെതിരെ പദവിയുടെ അന്തസ് നിന്ദിക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ മുദ്രാവാക്യങ്ങൾ വിളിച്ചതായും ഗവര്‍ണര്‍ ആരോപിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യാതൊരു നടപടികളും എടുത്തില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
Read More: ബംഗാള്‍ സംഘര്‍ഷം : ജനാധിപത്യം നശിച്ചെന്ന് ഗവര്‍ണര്‍ ജഗദീപ് ധൻഖർ
രാജ്ഭവന്‍റെ ഗേറ്റിന് മുന്‍പില്‍ ആടുകളുമായി ഒരാള്‍ ഗതാഗതം തടസപ്പെടുത്തിയ സംഭവം കൂടി ഉണ്ടായതായും, ഇക്കാര്യവും പൊലീസ് നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ ജഗദീപ് ധൻഖർ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യാനോ, കയ്യില്‍ ആയുധം വല്ലതും ഉണ്ടോയെന്ന് പരിശോധിക്കാനൊ പൊലീസ് തയ്യാറായില്ല. മിനിമം പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ അയാളെ വെറുതെ വിടുന്ന അവസ്ഥയാണുണ്ടായതെന്നും ഗവര്‍ണര്‍ പറഞ്ഞു. രണ്ട് സംഭവങ്ങളുടെയും സിസിടിവി ദൃശ്യങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.