പട്‌ന : സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനായതിന്‍റെ ആഹ്ളാദനിറവില്‍ ശുഭം കുമാർ. ലിസ്റ്റിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശുഭം പറഞ്ഞു. ഐഐടി ബോംബെയിൽ നിന്നുള്ള ബിരുദധാരിയായ യുവാവ് മൂന്നാം ശ്രമത്തിലാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
2018ല്‍ പരീക്ഷ എഴുതിയ ശുഭം, 2019ല്‍ 290-ാം റാങ്ക് നേടി. മൂന്നാം ശ്രമത്തിൽ ആന്ത്രപ്പോളജി ആയിരുന്നു മെയിന്‍സ് പരീക്ഷയ്ക്കായി തെരഞ്ഞെടുത്തത്. കതിഹാർ സ്വദേശിയാണ്. പൂർണിയയിലെ വിദ്യാവിഹാർ റസിഡൻഷ്യൽ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
READ MORE: 'സേവനം സ്വന്തം നാടിന്, അതാണ് സ്വപ്‌നം'; സിവിൽ സർവീസ് ആറാം റാങ്കുകാരി
തുടർന്ന് ചിന്മയ വിദ്യാലയ ബൊക്കാറോയിൽ പ്രവേശനം നേടി 98 ശതമാനം മാർക്കോടെ പ്ലസ് ടു പാസായി. ബോംബെ ഐഐടിയിൽ നിന്ന് ബിരുദം കരസ്ഥമാക്കി യുപിഎസ്‌സിക്ക് തയ്യാറെടുക്കുകയുമായിരുന്നു.
കഴിയുന്നത്ര പരിശ്രമം നടത്തിയിരുന്നുവെന്നും ഏറെ സന്തോഷമുണ്ടെന്നും ശുഭം പറഞ്ഞു. 761 പേർ സിവിൽ സർവീസിന് യോഗ്യത നേടിയിട്ടുണ്ട്. 545 ആൺകുട്ടികളും 216 പെൺകുട്ടികളും അടക്കം 761 പേരാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.