ഹൈദരാബാദ് : മനുഷ്യത്വപരമായ സമീപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് തെലങ്കാന വാറങ്കലിലെ ഒരു പൊലീസുകാരന്‍. മൂന്ന് ദിവസമായി ചെളിയിൽ കഴിഞ്ഞ വയോധികനെ വാഹനമെത്താത്ത സ്ഥലത്തുനിന്നും കൈകളിലെടുത്ത് കാല്‍നടയായി ഒരു കിലോമീറ്റര്‍ താണ്ടി ചികിത്സയൊരുക്കിയതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. വാറങ്കല്‍ എസ്.ഐ ഭണ്ടാരി രാജുവാണ് വയോധികനെ എടുത്തുനടന്നത്.
ആടുകളെ മേയ്ക്കാൻ എത്തിയ സമയത്ത് വൃദ്ധന്‍ ചെളിയിൽ അകപ്പെടുകയായിരുന്നു. കൊണ്ടപുരം രായപർത്തിയിലാണ് സംഭവം. മൂന്ന് ദിവസമായി ചെളിയിൽ കഴിയവേ സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഇവര്‍ പൊലീസില്‍ അറിയിച്ചു. കൊവിഡ് സാഹചര്യമായതിനാല്‍ നാട്ടുകാര്‍ ഇയാളുടെ സമീപത്തേക്ക് അടുക്കാന്‍ തയ്യാറായില്ല.
ALSO READ: മുലായം സിങ് യാദവിന്‍റെ മരുമകള്‍ ബിജെപിയില്‍
എസ്.ഐ ഭണ്ടാരി രാജു സ്ഥലത്തെത്തി വൃദ്ധനെ എടുത്ത് ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു. സമീപ പ്രദേശത്ത് എത്തിയ 108 ആമ്പുലന്‍സ് ഇയാളെ മഹബൂബാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേരാണ് എസ്.ഐയെ പ്രകീര്‍ത്തിച്ചുകൊണ്ട് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.