പൂനെ: മദ്യപാനത്തില്‍ നിന്നും കൗമാരക്കാരനെ വിലക്കിയതിനെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒന്‍പത് പേര്‍ കസ്റ്റഡിയില്‍. മഹാരാഷ്ട്രയിലെ വാക്കാഡുണ്ടായ കൊലപാതകത്തില്‍ കൗമാരക്കാരന്‍ ഉള്‍പ്പടെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, 19കാരനായ ദീപക് ഗെയ്ക്വാദ് എന്ന ഖണ്ഡുവാണ് മരിച്ചത്.
പുഴയ്‌ക്ക് സമീപത്തുവച്ച് ഇരു സംഘങ്ങള്‍ മദ്യപിക്കുന്നതിനിടെയാണ് സംഭവം. യുവാക്കളുടെ ഒരു സംഘത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആളെ മദ്യപാനം, പുകവലി എന്നിവയില്‍ നിന്നും മറ്റൊരു സംഘത്തിലുണ്ടായിരുന്ന ദീപക് വിലക്കി. ഇത് ഇരുസംഘങ്ങളും ചേരി തിരിഞ്ഞുള്ള വാക്കേറ്റത്തിന് ഇടയാക്കി.
പിന്നീട്, അത് ക്രൂരമായ മര്‍ദനത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ലഖൻ ലഗാസ് എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് വാക്കാഡ് പൊലീസ് അറിയിച്ചു.