പഠാന്‍കോട്ട്: കഴുകന്‍മാര്‍ക്ക് 'ഭക്ഷണശാല' ആരംഭിച്ച് പഞ്ചാബിലെ വന്യജീവി വകുപ്പ്(Wildlife Department ). പഞ്ചാബിലെ പഠാന്‍കോട്ടാണ് ഭക്ഷണശാല സ്ഥാപിച്ചിരിക്കുന്നത്. കഴുകപക്ഷികളുടെ വംശനാശം തടയുകയാണ് ലക്ഷ്യം.
പത്താന്‍കോട്ടിലെ ഒരു നിശ്ചിത പരിധിയിലെ തുറസായ സ്ഥലമാണ് കഴുകന്‍മാരുടെ ഭക്ഷണശാലയായി ഒരുക്കിയിരിക്കുന്നത്. ശവഭോജികളായ കഴുകന്‍മാര്‍ പ്രകൃതിയെ വൃത്തിയാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 2012 ല്‍ അടച്ച ഭക്ഷണശാലയാണ് ഇപ്പോള്‍ വീണ്ടും തുറന്നിരിക്കുന്നത്.
പഠാന്‍കോട്ടിലെ ചന്ദോലയിലാണ് ഈ ഭക്ഷണശാല. കഴുകന്‍മാര്‍ക്കായി മൃഗങ്ങളുടെയും പക്ഷികളുടെയും മൃതശരീരങ്ങള്‍ ഇവിടെ നിക്ഷേപിക്കും. മൃതശരീരങ്ങള്‍ 'നുണയാനായി' നിരവധി കഴുകന്‍മാര്‍ ഇവിടെ എത്തുന്നുണ്ട്. മൃതദേഹങ്ങള്‍ കഴുകപക്ഷികള്‍ക്ക് സുരക്ഷിതമാണോ എന്ന് പരിശോധിക്കാനായി ഭക്ഷണശാലയ്‌ക്കടുത്തായി ലാബും സജ്ജീകരിച്ചിട്ടുണ്ട്.
മൃതദേഹങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമെ കഴുകന്‍മാര്‍ക്കായുള്ള ഈ ഭക്ഷണശാലയില്‍ അവ നിക്ഷേപിക്കുകയുള്ളൂ. തൊട്ടടുത്ത സംസ്ഥാനമായ ഹിമാചലില്‍ നിന്നടക്കം കഴുകന്‍മാര്‍ ഈ ഭക്ഷണശാലയില്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ എട്ട് ഇനം കഴുക പക്ഷികളെയാണ് കണ്ട് വരുന്നത്.
ഇതില്‍ ആറ് ഇനം ഇന്ത്യയില്‍ തന്നെ ജീവിക്കുന്നവയും മൂന്ന് ഇനങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരോ സീസണിലായി പറന്നെത്തുന്നവയുമാണ്. ഒരു ഘട്ടത്തില്‍ നാല് കോടി കഴുക പക്ഷികള്‍ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ 1990 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
വെറ്റ് റംപ്‌ഡ് എന്ന് വിളിക്കുന്ന(white-rumped vultures) കഴുക പക്ഷികളുടെ എണ്ണത്തില്‍ 99 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. സ്ലന്‍റര്‍-ബില്‍ഡ്(slender-billed) വിഭാഗത്തില്‍ പെട്ടവ പൂര്‍ണമായും ഇല്ലാതായി. മറ്റ് വിഭാഗങ്ങളുടെ എണ്ണത്തില്‍ 81 ശതമാനം മുതല്‍ 90 ശതമാനം വരെ കുറവുണ്ടായി.
കന്നുകാലികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും വേദനസംഹരിയായി കൊടുക്കുന്ന ഡൈക്ലോഫെനക് എന്ന മരുന്നാണ് ഇവയുടെ നാശത്തിന് പ്രധാനമായി വഴിവച്ചത്. ഡൈക്ലോഫെനക് കൊടുക്കപ്പെട്ട മൃഗങ്ങളുടെ ശവശരീരങ്ങള്‍ കഴിക്കുമ്പോള്‍ കഴുകപക്ഷികള്‍ മരണപ്പെടുന്നതാണ് അതിന് കാരണം. ഇത്തരം മൃതശരീരങ്ങള്‍ കഴിച്ചാല്‍ കഴുക പക്ഷികളുടെ വൃക്കങ്ങള്‍ തകരാറിലാകും. അങ്ങനെയാണ് അവ മരണപ്പെടുന്നത്. ഈ ഒരു കാരണത്താല്‍ ഇന്ത്യയിലും നേപ്പാളിലും 2006ലും ബംഗ്ലാദേശില്‍ 2010ലും ഡൈക്ലോഫെനക് നിരോധിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കഴുക പക്ഷികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.