കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവേശന കവാടത്തിന് മുന്നിലെ തടസങ്ങള്‍ നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിര്‍മാണത്തിലിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവേശന കവാടത്തില്‍ പ്രതിഷേധക്കാർ സ്ഥാപിച്ച തടസങ്ങൾ നീക്കണമെന്നാണ് സര്‍ക്കാരിനോടുള്ള കോടതി ഉത്തരവ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സുരക്ഷ ലഭിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാണക്കമ്പനിയായ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. അതേസമയം ഒക്‌ടോബർ ഏഴിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
എന്നാല്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ച ഷെഡ് പ്രധാന കവാടത്തിന് മുന്നില്‍ ഇപ്പോഴുമുണ്ടെന്ന് നിര്‍മാണക്കമ്പനി ആരോപിച്ചു. ഇതേത്തുടര്‍ന്ന് തുറമുഖത്തിന്‍റെ പ്രവേശന കവാടത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ തടസമില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്‌റ്റിസ് അനു ശിവരാമൻ പൊലീസിനോട് അറിയിച്ചു. കോടതിയലക്ഷ്യ ഹർജിയെ എതിർത്ത സർക്കാർ തുറമുഖത്തേക്കുള്ള വാഹനങ്ങൾ ഇപ്പോൾ തടയുന്നില്ലെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ പ്രധാന കവാടത്തിന് മുന്നില്‍ വാഹനങ്ങൾ നിർത്തിയിടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ മറുപടി.
ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 25 നാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പ്രതിഷേധക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാണക്കമ്പനിയായ അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിന് പിന്നാലെ വിഴിഞ്ഞം തുറമുഖത്തെ നിർമാണം നിർത്തിവയ്‌ക്കാനാകില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ഉചിതമായ ഫോറങ്ങളിൽ ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടക്കുന്ന പദ്ധതിയെ സമരം ബാധിക്കരുതെന്നും അന്ന് കോടതി അറിയിച്ചിരുന്നു.
അതേസമയം നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കുക, തീരദേശ ആഘാത പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുള്ളൂരിന് സമീപം സ്ഥിതി ചെയ്യുന്ന തുറമുഖത്തിന്‍റെ പ്രധാന കവാടത്തിന് മുന്നില്‍ നിരവധി തീരദേശവാസികൾ കഴിഞ്ഞയാഴ്‌ച മുതൽ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്. എന്നാല്‍ നിലവില്‍ നടക്കുന്ന സമയം ജീവനക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസും നടപടിയെടുക്കുന്നില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പ് ഹർജിയിലൂടെ കോടതിയെ അറിയിച്ചത്.