ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് റെക്കോഡുകൾ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമായി ഇന്ത്യന്‍ നായകന്‍ മാറി.
നാലാമത്തെ കായിക താരം
ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ കായിക താരവുമാണ് കോലി. 337 മില്യണ്‍ ഫോളോവേഴ്‌സുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് 260 മില്യണ്‍ ഫോളോവേഴ്‌സുമായി ലയണല്‍ മെസിയും മൂന്നാം സ്ഥാനത്ത് 160 മില്യണ്‍ ഫോളോവേഴ്‌സുമായി നെയ്‌മറുമാണ്.
ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടം കോലി നേരത്തെ സ്വന്തം പേരിലെഴുതിയിരുന്നു. ഇന്‍സ്റ്റഗ്രാമിന് പുറമേ ട്വിറ്ററിലും ഫേസ്ബുക്കിലും കോലിക്ക് നിരവധി ആരാധകരുണ്ട്. ട്വിറ്ററില്‍ 43.4 മില്യണ്‍ ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 47 മില്യണ്‍ ഫോളോവേഴ്‌സും ക്രിക്കറ്റ് താരത്തിനുണ്ട്.
മൂല്യത്തില്‍ ഇന്ത്യയില്‍ ഒന്നാമത്
അടുത്തിടെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനെയും രൺവീർ സിങിനെയും പിന്തള്ളി കോലി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഡുഫ് ആന്‍ഡ് ഫെല്‍പ്‌സിന്‍റെ സെലിബ്രിറ്റി ബ്രാൻഡ് മൂല്യനിര്‍ണയ പഠനം 2020 അനുസരിച്ച് 237.7 മില്യൺ ഡോളർ ബ്രാൻഡ് മൂല്യമുള്ള വിരാട് കോലിയാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ലഭിക്കുന്ന പ്രതിഫലം 5 കോടി രൂപയാണ്.
Also read: ഇൻസ്റ്റയിലെ സമ്പന്നൻ റോണാൾഡോ; ഒരു പോസ്റ്റിന് 11.9 കോടി രൂപ, കോഹ്‌ലിക്ക് 5 കോടി