അമലാപുരം (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശില്‍ പുതുതായി രൂപീകരിച്ച കൊനാസീമ ജില്ലയുടെ പേര് മാറ്റുന്നതിനെതിരെ അമലാപുരത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായി. ഗതാഗതമന്ത്രിയും അമലാപുരത്ത് നിന്നുള്ള നിയമസഭാംഗവുമായ പി വിശ്വരൂപിന്‍റെ വസതിക്ക് പ്രതിഷേധക്കാര്‍ തീ കൊളുത്തി. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്ന് വേര്‍പെടുത്തി രൂപീകരിച്ച കൊനാസീമ ജില്ലയുടെ പേര് ബിആര്‍ അംബേദ്‌കര്‍ കൊനാസീമ എന്നാക്കി മാറ്റുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. മെയ് 18ന് ഇതുസംബന്ധിച്ച് പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കി. ഇതിന് പിന്നാലെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
ബസിന് തീവച്ച് പ്രതിഷേധക്കാര്‍ : ചൊവ്വാഴ്‌ച വൈകീട്ട് കലക്‌ടറേറ്റിലേക്ക് റാലി നടത്തുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിച്ച കൊനാസീമ ജില്ല സാധനാസമിതി അംഗങ്ങള്‍ ക്ലോക്ക് ടവര്‍ സെന്‍ററില്‍ ഒത്തുകൂടി. പ്രതിഷേധക്കാരുടെ റാലി തടയാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു.
ലാത്തിച്ചാർജ് നടത്തിയതോടെ പ്രതിഷേധക്കാരിൽ ചിലർ പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ആരംഭിച്ചു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു സ്വകാര്യ ബസും പ്രതിഷേധക്കാര്‍ കത്തിച്ചു.
കലക്‌ടറേറ്റ് പരിസരത്ത് ഉണ്ടായിരുന്ന ബസിന് തീ കൊളുത്തിയ പ്രതിഷേധക്കാര്‍ മറ്റൊരു ബസ് നശിപ്പിച്ചു. ഇതിന് ശേഷമാണ് ഗതാഗത മന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. മന്ത്രിയേയും കുടുംബത്തേയും പൊലീസ് നേരത്തെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
അമലാപുരത്തെ മന്ത്രിയുടെ ക്യാമ്പ് ഓഫിസിന് നേരെയും ആക്രമണമുണ്ടായി. മന്ത്രിയുടെ ഓഫിസ് നശിപ്പിച്ച പ്രതിഷേധക്കാര്‍ അകമ്പടി വാഹനത്തിന് തീവച്ചു.