ബാലസോർ: നിയമത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണെന്ന് ഓർമിപ്പിക്കുകയാണ് ഒഡിഷയിലെ ട്രാഫിക് പൊലീസ്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്‌തതിന് വിദ്യാഭ്യാസ മന്ത്രിയ്‌ക്കും എം.എൽ.എയ്‌ക്കും പിഴയിട്ടാണ് ഒഡിഷ ട്രാഫിക് പൊലീസ് ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചത്. മന്ത്രി സമീർ രഞ്ജൻ ദാഷും എം.എൽ.എ സ്വരൂപ് ദാസിനുമെതിരെയാണ് ബാലസോർ ട്രാഫിക് പൊലീസിന്‍റെ നടപടി.
ഇരുവര്‍ക്കും 1000 രൂപ പിഴ ചുമത്തി. മന്ത്രി ദാഷിനെ പുറകില്‍ ഇരുത്തിയാണ് എം.എൽ.എ മോട്ടോര്‍ ബൈക്ക് ഓടിച്ചത്. ജൂണ്‍ 25 നാണ് സംഭവം. നഗരത്തിലെ വിവിധ സ്‌കൂളുകളിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ബൈക്കില്‍ യാത്ര ചെയ്‌തത്. ബാലസോർ ടൗൺ ഹൈസ്‌കൂളും ബരാബതി ഗേൾസ് ഹൈസ്‌കൂളും മന്ത്രിയും എംഎല്‍എയും സന്ദർശിച്ചു. അധ്യാപകരുമായും വിദ്യാർഥികളുമായും അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തിയാണ് ഇരുവരും മടങ്ങിയത്.