മുംബൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ എഫ്‌ഐആര്‍. ഭാര്യയെ മര്‍ദിച്ചതിന് മുംബൈയിലെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മദ്യലഹരിയിൽ കാംബ്ലി തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തതായാണ് ഭാര്യ ആൻഡ്രിയ ഹെവിറ്റ് നല്‍കിയ പരാതി.
കുക്കിങ് പാന്‍ എറിഞ്ഞ് തലപൊട്ടിച്ചുവെന്നും വെള്ളിയാഴ്ച ബാന്ദ്ര വെസ്റ്റ് ഫ്‌ളാറ്റിൽ വച്ചാണ് അതിക്രമമുണ്ടായതെന്നും പരാതിയില്‍ പറയുന്നു. കേസില്‍ കാംബ്ലിയെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സെക്ഷൻ 324 (അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് മനപൂര്‍വം മുറിവേൽപ്പിക്കൽ), സെക്ഷൻ 504 (അപമാനിക്കല്‍) എന്നി വകുപ്പുകള്‍ പ്രകാരമാണ് കാംബ്ലിക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം ഇതാദ്യമായല്ല 51കാരനായ കാംബ്ലി വിവാദത്തില്‍പ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കാംബ്ലിയെ അറസ്റ്റ് ചെയ്‌ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കാംബ്ലി താമസിക്കുന്ന ബാന്ദ്രയിലെ ഫ്‌ളാറ്റ് കോമ്പൗണ്ടില്‍ തന്നെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരനും ചില താമസക്കാരുമായി കാംബ്ലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യയ്‌ക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് വിനോദ് കാംബ്ലി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സഹപാഠിയായിരുന്ന കാംബ്ലി ഇന്ത്യന്‍ ടീമിലും സഹതാരമായിരുന്നു.