ബറൂച്ച് (ഗുജറാത്ത്): ദേശീയ ഗാനത്തെ അവഹേളിച്ചതിന് 11 പേര്‍ക്കെതിരെ കേസ്. ബറൂച്ചില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെയാണ് സംഘം കസേരകളിലിരുന്ന് ചിരിച്ചുകൊണ്ട് അവഹേളിക്കുന്ന രീതിയില്‍ ദേശീയ ഗാനം ആലപിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ബി ഡിവിഷന്‍ പൊലീസ് കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.
സംഭവത്തില്‍ പിടികൂടിയ പ്രതികളില്‍ രണ്ടുപേര്‍ ബിജെപി നേതാക്കളാണ്. ഇവരില്‍ ഒരാളായ മുസ്‌തഫ ഖോദ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്‍റുമാണ്. അതേസമയം സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വഴിയാണ് പ്രചരിച്ചിരിക്കുന്നതെന്നും ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്‌തിട്ടുണ്ടെന്നും ഫോറന്‍സിക് സയന്‍സ് ലാബ് (എഫ്എസ്‌എല്‍) കണ്ടെത്തി.
വധുവിന്‍റെ പിതാവ് അയ്യൂബ് പടേല്‍, ബിജെപി ബറൂച്ച് ജില്ല ജനറല്‍ സെക്രട്ടറി സുബൈര്‍ പടേല്‍, സലീം ധീര, ഇര്‍ഫാന്‍ പടേല്‍, നാസിര്‍ സംനിവാല, വസീം വഹാബ്, സുല്‍ഫികര്‍ റോകാദിയ, ജാവേദ് ദോലത്, സഈദ് റോകാദിയ (ഇക്കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ബറൂച്ചിലെ ഒന്നാം വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയിരുന്നു), ഉസ്‌മാന്‍ പടേല്‍, സര്‍ഫറാസ് പടേല്‍ എന്നിവരാണ് സംഭവത്തില്‍ പൊലീസ് പിടികൂടിയവര്‍. ഇവരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി വൈകുന്നേരത്തോടെ പുറത്തുവിട്ടു.
അതേസമയം ദേശീയ ഗാനത്തെ അവഹേളിച്ച സംഭവത്തിലെ ഈ പ്രതികളുടെ എല്ലാംതന്നെ മൊബൈല്‍ ഫോണുകള്‍ അന്വേഷണത്തിന്‍റെ ഭാഗമായി പിടിച്ചെടുത്ത് ഫോറന്‍സിക് ലാബിന് കൈമാറിയിട്ടുണ്ട്.