ന്യൂഡല്‍ഹി: രാഷ്‌ട്രത്തിന്‍റെ ഉപരാഷ്‌ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ പ്രതിനിധിയായി ജഗ്‌ദീപ് ധന്‍കറും, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ മാര്‍ഗരറ്റ് ആല്‍വയുമാണ് ഉപരാഷ്‌ട്രപതി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. നിലവിലെ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ഓഗസ്‌റ്റ് 10ന് സ്ഥാനമൊഴിയും.
ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി അറിയിച്ചു. ലോക്‌സഭയിലും രാജ്യസഭയിലുമായി 16 അംഗങ്ങളാണ് ടിആര്‍എസിനുള്ളത്.
ആംആദ്മി പാര്‍ട്ടി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ മാര്‍ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ 23ഉം രാജ്യസഭയില്‍ 16ഉം അംഗങ്ങളാണ് തൃണമൂലിനുള്ളത്.
ജഗ്‌ദീപ് ധന്‍കറിന് 515 വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ഗരറ്റ് ആല്‍വയ്ക്ക് 200ലധികം വോട്ടുകളും ലഭിക്കും. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഇന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം.