ഹൈദരാബാദ് : ഹിന്ദു ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ നിയമം കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത്. കൂടാതെ മതപരിവർത്തന വിരുദ്ധ നിയമം യാഥാര്‍ഥ്യമാക്കണമെന്നും വിഎച്ച്പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹിന്ദുക്ഷേത്രങ്ങൾ ഹൈന്ദവസമൂഹത്തിന് കൈമാറണം. ഇതുസംബന്ധിച്ച് സംഘടനയുടെ ആവശ്യം എല്ലാ സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്‍റ് അലോക് കുമാർ പറഞ്ഞു.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ 'കൂട്ട മതപരിവർത്തനം' നടക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം അതില്‍ ഉത്കണ്ഠ അറിയിച്ചു. വശീകരണവും വഞ്ചനയും മുന്‍നിര്‍ത്തിയാണ് മതപരിവർത്തനം. വിശ്വഹിന്ദു പരിഷത്ത് ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി ചെറുക്കും. കൂടാതെ മതംമാറിയ സ്ത്രീകളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രചാരണം ശക്തമാക്കുമെന്നും അലോക് കുമാർ പറഞ്ഞു.
ALSO READ : ആഭ്യന്തര റൂട്ടുകളിലെ സർവീസ് വർധന വിമാനയാത്രാനിരക്ക് കുറച്ചെന്ന് ജ്യോതിരാദിത്യ സിന്ധ്യ
തെലങ്കാനയിൽ പശുക്കളെ കൊല്ലുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിലും വിശ്വഹിന്ദു പരിഷത്ത് ആശങ്ക പ്രകടിപ്പിച്ചു. അതിനായി പശുക്കളെയും അതിന്‍റെ കുട്ടികളെയും സംരക്ഷിക്കാൻ തെലങ്കാന സർക്കാർ നിയമങ്ങൾ കൊണ്ടുവരണമെന്നും അലോക് കുമാർ ആവശ്യപ്പെട്ടു.