ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നടത്തിയ ഘോഷയാത്രയ്‌ക്കിടെയുണ്ടായ ആക്രമണത്തില്‍ ഹോംഗാർഡിന് ദാരുണാന്ത്യം. വെടിയേറ്റതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചത്. സംഭവത്തില്‍ പത്ത് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ലയില്‍ നിന്നും വിഎച്ച്‌പി പ്രവര്‍ത്തകര്‍ ഇവിടേക്ക് ഇരച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നാല് വാഹനങ്ങളും ഒരു കടയും കത്തിച്ചു. മണിക്കൂറുകളോളം പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോഡൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജ്ജൻ സിങ്ങിന്‍റെ തലയിലും മറ്റൊരു ഇൻസ്‌പെക്‌ടർക്ക് വയറ്റിലും വെടിയേറ്റു. പുറത്തുവന്ന വീഡിയോകളില്‍, നാല് കാറുകള്‍ കത്തുന്നതും പൊലീസ് വാഹനങ്ങള്‍ തകര്‍ന്നതായും വ്യക്തമാണ്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഹരിയാനയിലെ വര്‍ഗീയ സംഘർഷം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്‌തിരുന്നു. പൊലീസ് നടപടിയിൽ 20 പേർക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്തെ സംഘർഷത്തിന് പിന്നാലെ ഇന്‍റെര്‍നെറ്റ് സേവനങ്ങൾ താത്‌കാലികമായി റദ്ദാക്കി. പുറമെ, സംസ്ഥാനത്ത് കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്.
സംഘപരിവാർ സംഘടനകളായ ബജ്‌റംഗ്‌ദളും വിഎച്ച്‌പിയും ബ്രിജ്‌മണ്ഡൽ ജലാഭിഷേക് യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. നേരത്തേ, പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ട് യുവാക്കളെ ചുട്ടുകൊന്നിരുന്നു. ഈ കേസിലെ പ്രതിയായ സംഘപരിവാർ സജീവ പ്രവര്‍ത്തകന്‍ മോനു മനേസറും സംഘവും ഈ ഘോഷ യാത്രയിൽ പങ്കാളികളായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം. പുറമെ, ഒരു വിഎച്ച്‌പി പ്രവർത്തകൻ സാമൂഹ്യ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടിരുന്നു. ഇതും വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കിയെന്നാണ് വിവരം.
ALSO READ | ദീപാവലി ദിനത്തിലെ ആഘോഷങ്ങള്‍ക്കിടയില്‍ ഗുജറാത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം