പൂനെ (മഹാരാഷ്‌ട്ര): മറാഠി ചലച്ചിത്ര നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി(74)യെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്ര പൂനെയിലെ വാടക വീട്ടിലാണ് മുതിർന്ന നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രവീന്ദ്ര മഹാജനിയുടെ പൂട്ടിക്കിടക്കുന്ന മാവൽ താലൂക്കിലെ അംബി വില്ലേജിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ തെരച്ചിലിലാണ് രവീന്ദ്ര മഹാജനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം അമ്പിയിൽ ഒറ്റയ്‌ക്ക് കഴിയുകയായിരുന്നു അദ്ദേഹം. നടൻ ഗഷ്‌മീർ മഹാജനി മകനാണ്.
കഴിഞ്ഞ ഒമ്പത് മാസമായി മാവൽ താലൂക്കിലെ അംബി ഗ്രാമത്തിലെ എക്‌സർബിയ സൊസൈറ്റിയിലാണ് രവീന്ദ്ര മഹാജനി താമസിച്ചു വന്നിരുന്നത്. എന്നാൽ ദിവസങ്ങൾക്കുമുമ്പ് അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ അംബിയിലെ വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
അതേസമയം കുളികഴിഞ്ഞ് വസ്‌ത്രം മാറുന്നതിനിടെയാകാം മരണം സംഭവിച്ചതെന്നാണ് തലേഗാവ് എംഐഡിസി പൊലീസ് പറയുന്നത്. മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മറാഠി നടനും സംവിധായകനുമായിരുന്ന രവീന്ദ്ര മഹാജനി എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ പകുതി വരെയുള്ള കാലഘട്ടത്തില്‍ മറാഠി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ബെൽഗാമിലാണ് രവീന്ദ്ര മഹാജനിയുടെ ജനനം. എന്നാൽ ബെൽഗാമിൽ നിന്ന് മുംബൈയിലേക്ക് കുടിയേറിയതിനാൽ രവീന്ദ്ര മഹാജനി തന്‍റെ കുട്ടിക്കാലം മുംബൈയിലാണ് ചെലവഴിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് എച്ച് ആർ മഹാജനി അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്നു.
അതേസമയം സ്‌കൂൾ പഠനകാലം മുതല്‍ തന്നെ രവീന്ദ്ര മഹാജനി അഭിനയത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്‌കൂളിൽ നാടകങ്ങളിലും മറ്റും നിരവധി വേഷങ്ങൾ ചെയ്‌ത് കുട്ടിക്കാലത്ത് തന്നെ അദ്ദേഹം കയ്യടി നേടി.
ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നതിന് മുമ്പ് മൂന്ന് വർഷക്കാലം രവീന്ദ്ര മഹാജനി മുംബൈയിൽ ടാക്‌സി ഡ്രൈവറായും ജോലി ചെയ്‌തിരുന്നു. രാത്രിയിൽ ടാക്‌സി ഓടിച്ച്, പകൽ സമയത്ത് അഭിനയിക്കാനുള്ള അവസരത്തിനായി അദ്ദേഹം വിവിധ ഷൂട്ടിങ് ലൊക്കേഷനുകളിലും സംവിധായകരുടെ പക്കലും എത്തിയിരുന്നു.
ഒടുവിൽ അദ്ദേഹത്തിന്‍റെ പോരാട്ടം ഫലം കാണുക തന്നെ ചെയ്‌തു. മധുസൂദൻ കലേൽക്കറുടെ ജനതാ അജനത എന്ന മറാഠി നാടകത്തിൽ അദ്ദേഹത്തിന് വേഷം ലഭിച്ചു. പിന്നീട് ആദ്യ മറാഠി സിനിമ 'ഝൂഞ്ച്' അദ്ദേഹത്തെ തേടിയെത്തി. മറാഠി സിനിമ ലോകത്ത് രവീന്ദ്ര മഹാജനി എന്ന താരത്തിന്‍റെ ഉദയം കൂടി ആയിരുന്നു അത്. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് മറാഠി സിനിമയുടെ മുഖമായി രവീന്ദ്ര മഹാജനി മാറി.
നിരവധി സിനിമകളിൽ അസാമാന്യ പ്രകടനത്താൽ കാണികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് രവീന്ദ്ര മഹാജനി. കൂടാതെ ടാക്‌സി ഡ്രൈവറിൽ നിന്ന് അഭിനേതാവിലേക്കുള്ള അദ്ദേഹത്തിന്‍റെ ജീവിതയാത്രയും അതിശയകരമായിരുന്നു. 'ഝൂഞ്ച്' എന്ന ചിത്രത്തിന് ശേഷം 'ദേവത' എന്ന സിനിമയിലാണ് അദ്ദേഹം വേഷമിട്ടത്. ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച ലഖൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ്.
'മുംബൈച്ചാ ഫൗജ്ദാർ (1984), കലത് നകലത് (1990), ലക്ഷ്‌മി, ഗോന്ദലാത് ഗോന്ദാൽ, ഹൽദി കുങ്കു' തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവച്ചു. 'പാനിപ്പത്ത്' എന്ന സിനിമയിലും രവീന്ദ്ര മഹാജനി ഒരു പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. മകൻ ഗഷ്‌മീർ മഹാജനിക്കൊപ്പമാണ് ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചത്.