മുംബൈ: പ്രശസ്‌ത ഗാനരചയിതാവും കവിയുമായ ദേവ് കോലി അന്തരിച്ചു (Dev Kohli passed away). 81 വയസായിരുന്നു. ഇന്ന് (ഓഗസ്റ്റ് 26) പുലര്‍ച്ചെ നാല് മണിയോടെ മുംബൈ അന്ധേരിയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉറക്കത്തില്‍ മരണം സംഭവിക്കുകയായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ദേവ് കോലിയെ (Dev Kohli) മുംബൈ അന്ധേരിയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ട ചികിത്സ നൽകിയിട്ടും ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് 10 ദിവസം മുമ്പ് അദ്ദേഹത്തെ വീട്ടിലേയ്‌ക്ക് മടക്കി അയച്ചെങ്കിലും വീണ്ടും ആരോഗ്യ സ്ഥിതി വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ ഫോര്‍ത്ത് ക്രോസ് ലെയ്‌നിലെ ജൂപ്പിറ്റർ അപ്പാർട്ട്‌മെന്‍റിലുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. വൈകിട്ട് 6 മണിക്ക് ജോഗേശ്വരി വെസ്‌റ്റ് മുംബൈയിലെ ഓഷിവാര ശ്‌മശാനത്തില്‍ അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളായ ആനന്ദ് രാജ് ആനന്ദ്, അനു മാലിക്, ഉതം സിങ് തുടങ്ങിയവരും ബോളിവുഡിലെ നിരവധി പ്രമുഖരും പ്രിയ ഗാനരചയിതാവിന്‍റെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കും.
നിലവില്‍ പാകിസ്ഥാനിലുള്ള റാവല്‍പിണ്ടിയില്‍ 1942 നവംബര്‍ 2നാണ് ദേവ് കോലിയുടെ ജനനം. ഇന്ത്യ - പാക് വിഭജനത്തിന് ശേഷം അദ്ദേഹത്തിന്‍റെ കുടുംബം ഇന്ത്യയിലെ ഡെറാഡൂണിലേക്ക് താമസം മാറിയിരുന്നു. പിന്നീട് 1964ൽ മുംബൈയിലേക്ക് താമസം മാറിയ കോലി സിനിമയിൽ ജോലി അന്വേഷിച്ച് തുടങ്ങി. 1969ൽ 'ഗുണ്ട' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചത്. അവിവാഹിതനായിരുന്നു ദേവ് കോലി.
ഷാരൂഖ് ഖാന്‍റെ 'ബാസിഗർ', സല്‍മാന്‍ ഖാന്‍റെ 'മേനോ പ്യാർ കിയാ', നാനാ പടേക്കറുടെ 'ടാക്‌സി നമ്പർ 9211: നവ് ദോ ഗ്യാരഹ്', 'ലാൽ പത്തർ', 'ഹം ആപ്‌കെ ഹേ കോൻ', 'ജുദ്‌വാ 2', 'മുസാഫിർ', 'ഇഷ്‌ക്', 'ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല' തുടങ്ങി 100ലധികം സിനിമകൾക്കായി അദ്ദേഹം നൂറില്‍ പരം സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അനു മാലിക്, റാം ലക്ഷ്‌മൺ, ആനന്ദ് രാജ് ആനാട്, ആനന്ദ് മിലിന്ദ് തുടങ്ങീ നിരവധി സംഗീത സംവിധായകർക്കൊപ്പം അദ്ദേഹം നിരവധി ഹിറ്റുകൾ സമ്മാനിച്ചു.
'ആത്തേ ജാത്തേ ഹസ്‌തേ ഗാത്തേ' (മേനേ പ്യാർ കിയാ), 'യീ കാലി കല്ലി ആംഖേൻ' (ബാസിഗർ)' തുടങ്ങി അവിസ്‌മരണീയമായ നിരവധി ഗാനങ്ങൾ അദ്ദേഹം ബോളിവുഡിന് സംഭാവന ചെയ്‌തിട്ടുണ്ട്. ദേവ് കോലിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമ ലോകം. അടുത്തിടെയാണ് പ്രശസ്‌ത മറാഠി നടി സീമ ദിയോ അന്തരിച്ചത്. സീമ ദിയോയുടെ വിയോഗത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് മറ്റൊരു വിയോഗവും ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ചിരിക്കുന്നത്.
Also Read: Veteran actor Seema Deo dies പ്രശസ്‌ത മറാഠി നടി സീമ ദിയോ അന്തരിച്ചു