പട്‌ന : 400 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ (Dispute) മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഫതുഹ ജില്ലയിലെ സുംഗാപര്‍ ഗ്രാമത്തിലാണ് നിസാര വാക്കുത്തര്‍ക്കം (Verbal Argument) 3 പേരുടെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ് (Verbal Argument Turns Murder).
പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്‌ച (14.09.2023) രാത്രിയാണ് സംഭവം. സൈലേഷ് സിങ്, ജയ് സിങ് എന്നിവരുടെ കുടുംബങ്ങള്‍ പ്രദീപ് എന്ന അയല്‍വാസിയില്‍ നിന്നുമായിരുന്നു പാല്‍ വാങ്ങിയിരുന്നത്. ഈ ഇനത്തില്‍ ഇവര്‍ 400 രൂപ കുടിശ്ശിക വരുത്തിയിരുന്നു. ഇതോടെ പ്രദീപ് ഇവരെ നേരില്‍ കണ്ട് കാര്യം ധരിപ്പിക്കാനായി എത്തി.
എന്നാല്‍ സംസാരം വാക്കുതര്‍ക്കത്തിലേക്ക് വഴിമാറുകയും, ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഇത് കുടുംബ വഴക്കിലേക്ക് മാറി. ഇതോടെ ഇരുവിഭാഗത്തില്‍പ്പെട്ട ആളുകളും പരസ്‌പരം വെടിയുതിര്‍ത്തതോടെയാണ് ജയ് സിങ് (50), സൈലേഷ് സിങ് (40), പ്രദീപ് (35) എന്നിവരുടെ മരണത്തില്‍ കലാശിച്ചത്.
അന്വേഷണവുമായി പൊലീസ്: സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ റൂറൽ പൊലീസ് സൂപ്രണ്ട്, ഫതുഹ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്നിവര്‍ പൊലീസ് സംഘവുമായി സ്ഥലത്തെത്തി. ഇവരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടത്തിനയയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് സംഭവത്തില്‍ എഫ്ഐആർ രജിസ്‌റ്റർ ചെയ്തു. സംഭവത്തിനിടയാക്കിയ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംഭാവന നല്‍കാത്തതിന് ആള്‍ക്കൂട്ട കൊലപാതകം : ഇക്കഴിഞ്ഞ ജനുവരിയില്‍ രാജസ്ഥാനിലെ ദുംഗർപൂരില്‍ സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ 38 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ദുംഗർപൂരിലെ അസ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കര്‍വാ ഖാസിലാണ് 100 രൂപ സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ നാഥു മീണയെ(38) യുവാക്കള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മകരസംക്രാന്തി ദിവസമായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്ന നാഥു മീണയെ യുവാക്കള്‍ തടഞ്ഞുനിര്‍ത്തി 100 രൂപ സംഭാവനയായി ആവശ്യപ്പെട്ടു. എന്നാല്‍ മീണ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവാക്കള്‍ ഇയാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ വടികൊണ്ട് മീണയുടെ തലയ്‌ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വേദന കൊണ്ട് പുളയുന്ന മീണയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് തടിച്ചുകൂടിയ ഗ്രാമവാസികള്‍ പരിക്കേറ്റ മീണയെ അസ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചുവെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മീണയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധവും ആരംഭിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടാമെന്നും അവരില്‍ നിന്ന് 20 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭ്യമാക്കാമെന്നും പൊലീസ് അറിയിച്ചതോടെയാണ് പിന്നീട് കുടുംബം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കിയത്.