ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്‍റെ ഒരുക്കങ്ങളെക്കുറിച്ച് ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുമായി ഉപരാഷ്‌ട്രപതിയും രാജ്യസഭ ചെയർമാനുമായ എം വെങ്കയ്യ നായിഡു ചർച്ച നടത്തി. ലോക്‌സഭയിലെയും രാജ്യസഭ സെക്രട്ടേറിയറ്റിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്‌ച. ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നടന്ന കൂടിക്കാഴ്‌ച 40 മിനിറ്റോളം നീണ്ടുനിന്നു.
തിരക്കും ആശയക്കുഴപ്പവും ഒഴിവാക്കുന്നതിനായി ഇരുസഭകളിലെയും അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ പുനക്രമീകരിക്കാമെന്ന് ലോക്‌സഭ സ്‌പീക്കര്‍ നിർദേശിച്ചു. ഇത് നായിഡു സ്വാഗതം ചെയ്‌തു. തുടര്‍ന്ന്, ഇരുസഭകളുടെയും സെക്രട്ടറി ജനറലുകളോട് അതത് സഭകളിലെ വിവിധ പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കളുമായി ഉടനടി ബന്ധപ്പെടാനും വിവിധ സ്ഥലങ്ങളിൽ ഇരിക്കേണ്ട അതാത് പാർട്ടികളുടെ അംഗങ്ങളുടെ പേരുകളുടെ പട്ടിക തയ്യാറാക്കാൻ നിർദേശിക്കാനും ആവശ്യപ്പെട്ടു.
കക്ഷികളുടെ അംഗബലം കണക്കിലെടുത്താണ് ഇരുസഭകളുടെയും ചേമ്പറുകളിലും ഗാലറികളിലും സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. പാർലമെന്‍റ് പരിസരം അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഇരുസഭകളുടെയും സെക്രട്ടറി ജനറൽമാർ അറിയിച്ചു. പാര്‍ലമെന്‍റ് സെഷൻ ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ്, എല്ലാ എംപിമാരും ആർടിപിസിആര്‍ പരിശോധനക്ക് വിധേയരാകണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജനുവരി 31 ന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 11 വരെ തുടരും. ചൊവ്വാഴ്‌ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. രാജ്യസഭ രാവിലെ 10 മുതൽ വൈകീട്ട് 3 വരെയും ലോക്‌സഭ ആദ്യ രണ്ട് ദിവസങ്ങൾ ഒഴികെ വൈകീട്ട് 4 മുതൽ രാത്രി 9 വരെയുമാണ് ചേരുക. സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ 8 വരെ തുടരും.
Also read: മഹാമാരി കാലത്ത് വീണ്ടും ഒരു ബജറ്റ്: ആശ്വാസ പാക്കേജുകള്‍ എന്തെല്ലാം... കാതോര്‍ത്ത് രാജ്യം