മുംബൈ: കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ. ഇതിനായി ബാറ്ററികളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുമെന്നും 2025 ഓടെ പുതിയ വാഹന രജിസ്ട്രേഷന്‍റെ 10 ശതമാനം ഇലക്‌ട്രിക്ക വാഹനങ്ങൾ ആകുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ മലിനീകരണം കുറയ്ക്കുന്നതിന് മലിനീകരണരഹിതമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. സമീപഭാവിയിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ മഹാരാഷ്ട്ര ഒന്നാമതാകും. അതോടൊപ്പം ആഗോളതലത്തിൽ സംസ്ഥാനത്തെ ഒരു പ്രധാന വാഹന നിർമ്മാണ കേന്ദ്രമാക്കി മാറ്റുമെന്നും താക്കറെ കൂട്ടിച്ചേർത്തു.
ALSO READ: ജിഎസ്‌ടി നഷ്ടപരിഹാരം; സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ അനുവദിച്ച് കേന്ദ്രം
മുംബൈ, പൂനെ, നാഗ്‌പൂർ, ഔറംഗബാദ്, അമരാവതി, നാസിക് എന്നീ നഗരങ്ങളിൽ പൊതുഗതാഗതത്തിന്‍റെ 25 ശതമാനം ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കും. കൂടാതെ 2022 ഏപ്രിൽ മുതൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലും ഇലക്‌ട്രിക് വാഹനങ്ങൾ ഉൾപ്പെടുമെന്നും ആദിത്യ താക്കറെ അറിയിച്ചു.
2022 മുതൽ പുതിയ റെസിഡൻഷ്യൽ പ്രോജക്‌ടുകൾക്ക് ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യമുള്ള പാർക്കിങ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലും, മാളുകളിലും ചാർജിങ് സൗകര്യമുള്ള പാർക്കിങ് സംവിധാനം സജ്ജമാക്കണം. ചാർജിങ് സൗകര്യം ഒരുക്കുന്നതിനായി റെസിഡൻഷ്യൽ ഉടമകളെ വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കും. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് 10,000 രൂപ കിഴിവ് നൽകുമെന്നും താക്കറെ പറഞ്ഞു.