സംബല്‍പുര്‍ (ഒഡിഷ): ബൊലേറോ വാഹനം കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒഡിഷയിലെ സംബല്‍പുര്‍ ജില്ലയിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേര്‍ സംബാൽപുർ ജില്ല ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംബൽപൂരിലെ പരമൻപുർ എന്ന പ്രദേശത്ത് നടന്ന വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 11 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വാഹനം വ്യാഴാഴ്‌ച അര്‍ധ രാത്രി ഒരുമണിയോടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ഇതില്‍ 7 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. നാല് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അജിത് ഖമാരി, ദിവ്യ ലോഹ, സുബൽ ഭോയ്, സുമന്ത് ഭോയ്, സരോജ് സേത്ത്, രമാകാന്ത് ഭോയ്, അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ ഡ്രൈവർ ശത്രുഘ്ന ഭോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുഴുവന്‍ ആളുകളും ജാർസുഗുഡ ജില്ലയിലെ ലഖൻപൂർ ബ്ലോക്കിലെ ബദാധര ഗ്രാമവാസികളാണ്. രക്ഷാപ്രവര്‍ത്തനം വൈകിയത് മൂലമാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വാഹനം കനാലിലേക്ക് മറിഞ്ഞതിന് പിന്നാലെ തന്നെ മൂന്ന് പേര്‍ രക്ഷപ്പെട്ടിരുന്നു. ഇവരാണ് നാലാമത്തെ വ്യക്തിയേയും വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന്, പ്രദേശവാസികളെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വാഹനത്തിനുള്ളില്‍ കുടുങ്ങി കിടന്ന ഏഴ് യാത്രക്കാരും മരണപ്പെട്ടിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനം നടത്താന്‍ താമസിച്ചിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കളും ആരോപിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്‍ഡോറില്‍ വഹനാപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം: അമിതവേഗത്തില്‍ എത്തിയ കാര്‍ എട്ട് പേരെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍പ്പെട്ട രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോറിലെ ഭന്‍വാര്‍ കുവാന്‍ മേഖലയിലാണ് അപകടം നടന്നത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആദ്യം കാര്‍ ഒരു മോട്ടോര്‍ സൈക്കിളിനെ ഇടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിന്‍റെ മറുവശത്തേക്ക് തെന്നി നീങ്ങിയ കാര്‍ പിന്നാലെയാണ് കാല്‍നട യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചത്.
നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ചേര്‍ന്നാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ആറ് പേരുടെയും നില ഗുരുതരമാണ്.
അമിത വേഗത്തിലെത്തിയ കാര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. പ്രകോപിതരായ ഇവരില്‍ ചിലര്‍ ചേര്‍ന്ന് കാറിന് തീയിടാനും ശ്രമിച്ചിരുന്നു.
സംഭവ സ്ഥലത്ത് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. നാട്ടുകാര്‍ പിടികൂടിയ ഡ്രൈവറെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.