ചെന്നൈ: സുപ്രീംകോടതിയുടെ നിർദേശപ്രകാരം തൂത്തുക്കുടിയിലെ വേദാന്ത ഓക്‌സിജൻ പ്ലാന്‍റ് നിരീക്ഷിക്കാൻ തമിഴ്‌നാട് സർക്കാർ ഏഴ് അംഗ സമിതി രൂപീകരിച്ചു. വേദാന്തയിലെ സ്റ്റെർലൈറ്റ് പ്ലാന്‍റിലെ ഓക്‌സിജന്‍റെ മുഴുവൻ ഉത്പാദനത്തിനും മേൽനോട്ടം വഹിക്കാനാണ് സമിതി.
തൂത്തുക്കുടി ജില്ല കലക്‌ടർ, തൂത്തുക്കുടി ജില്ല പൊലീസ് സൂപ്രണ്ട്, സബ് കലക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ജില്ല പരിസ്ഥിതി എഞ്ചിനീയർ, തൂത്തുക്കുടി താപവൈദ്യുത നിലയത്തിന്‍റെ ഡെപ്യൂട്ടി ചീഫ് കെമിസ്റ്റ്, രണ്ട് പരിസ്ഥിതി വിദഗ്‌ധർ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ALSO READ: കൊവാക്‌സിനുമായി പഞ്ചാബിലേക്ക് പോയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മാസങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭത്തെ തുടർന്ന് തമിഴ്‌നാട് സർക്കാരിന്‍റെ ഉത്തരവ് പ്രകാരം 2018 മാർച്ചിൽ സ്റ്റെർലൈറ്റ് പ്ലാന്‍റ് തമിഴ്‌നാട്ടിൽ അടച്ചിരുന്നു. അതിനെതിരെ കമ്പനി തൂത്തുക്കുടിയിലെ പ്ലാന്‍റിൽ നിന്ന് ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ കത്തിനെ തുടർന്നാണ് നടപടി.
നേരത്തെ കമ്പനിയുടെ രണ്ട് ഓക്സിജൻ പ്ലാന്‍റുകൾക്ക് ഒന്നിച്ച് 1000 ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് വേദാന്ത സിഇഒ പങ്കജ് കുമാർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കും കത്തെഴുതിയിരുന്നു.