രാജ്യം ഇന്ന് (നവംബര്‍ 7) ദേശീയ അർബുദ ബോധവത്‌കരണ ദിനമായി ആചരിക്കുകയാണ്. നൊബേൽ പുരസ്‌കാര ജേതാവായ മാഡം ക്യൂറിയുടെ ചരമവാർഷിക ദിനമാണ് അർബുദ ബോധവത്‌കരണ ദിനമായി ആചരിക്കുന്നത്. അർബുദത്തിനെതിരായ പോരാട്ടത്തിൽ അവരുടെ കണ്ടെത്തലുകള്‍ നൽകിയ സംഭാവനകള്‍ മാനിച്ചാണ് ഈ ദിനം അർബുദ ബോധവത്‌കരണ ദിനമായി ആചരിക്കുന്നത്.
രോഗത്തെയും അതിന്‍റെ തീവ്രതയെയും മനസിലാക്കുന്നതിന്‍റെ പ്രാധാന്യവും നേരത്തെ രോഗം കണ്ടെത്തി ജീവന് രക്ഷിക്കുന്നതിന്‍റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് നവംബർ ഏഴ് അർബുദ ബോധവത്ക്കരണ ദിനമായി ആചരിക്കുന്നത്.
വസ്‌തുതകളും യാഥാർത്ഥ്യങ്ങളും: പ്രതിവർഷം 14,00,000 പുതിയ അർബുദ രോഗികളെ രാജ്യത്ത് കണ്ടെത്തുന്നുണ്ട്. 8,50,000 പേരാണ് ഓരോ വർഷവും അർബുദം ബാധിച്ച് മരിക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമായി അർബുദം മാറിയിരിക്കുന്നു. റിപ്പോർട്ട് ചെയ്യുന്നതിലും ഒന്നര മുതൽ മൂന്ന് വരെ മടങ്ങ് അധികമായിരിക്കും യഥാർത്ഥ കണക്കുകള്‍ എന്നാണ് കണക്കാക്കുന്നത്.
അർബുദ രജിസ്ട്രികളുടെ എണ്ണത്തിലുള്ള കുറവും രോഗനിർണയത്തിനുള്ള പരിമിതകളുമാണ് ഇതിന് കാരണം. 2040 ഓടെ ഈ കണക്കുകള്‍ ഇരട്ടിയാകുമെന്നാണ് ഗ്ലോബൽ ക്യാൻസർ ഒബ്‌സർവേറ്ററി വിലയിരുത്തുന്നത്.
ഇന്ത്യയും അര്‍ബുദവും: ലോകാരോഗ്യ സംഘടനകളുടെ കണക്കുകള്‍ പ്രകാരം ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഏറ്റവും കൂടുതൽ അർബുദ രോഗികളുള്ള മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യാക്കാരിൽ ഒൻപതിൽ ഒരാള്‍ക്ക് അർബുദം പിടിപെടുന്നുവെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. പതിനഞ്ചിൽ ഒരാള്‍ എന്ന തോതിലാണ് മരണനിരക്ക്.
മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ അർബുദ രോഗികളുടെ എണ്ണം വളരെ വേഗത്തിലാണ് കുതിച്ചുയരുന്നത്. 6.8 ശതമാനം എന്ന നിരക്കിലാണ് ഇവിടെ അർബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ചൈനയിൽ ഇത് 1.3 ശതമാനവും ബ്രസീലിൽ 4.5ഉം ആണ്. ഇന്തോനേഷ്യ 4.8, യുകെ 4.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
കണക്കുകള്‍ ഇങ്ങനെ: തല, കഴുത്ത്, കുടലുകള്‍, ശ്വാസകോശ അർബുദങ്ങളാണ് പുരുഷൻമാരിൽ സാധാരണയായി കണ്ടുവരുന്നത്. രാജ്യത്തെ സ്‌ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്‌തനാർബുദമാണ്. ബോധവത്ക്കരണത്തിന്‍റെ അഭാവവും ദേശീയ തലത്തിലുള്ള പരിശോധന സംവിധാനങ്ങളുടെ അപര്യാപ്‌തതയും ആരോഗ്യപ്രവർത്തകരുടെ കുറവും താങ്ങാനാകാത്ത ചെലവും, ആരോഗ്യ സംവിധാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രശ്‌നങ്ങളും മൂലം മിക്ക രോഗികളും രോഗാവസ്ഥയുടെ 70 ശതമാനത്തോളം ആകുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്. ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിലെ മരണനിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യത്തെ മരണനിരക്ക് ഉയരാനുള്ള കാരണങ്ങളും ഇത് തന്നെയാണ്. മാത്രമല്ല മിക്കവരും രോഗം കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങുന്നുമുണ്ട്.
അർബുദം കണ്ടെത്തുന്നതോടെ നിരവധി സാമൂഹ്യ, സാമ്പത്തിക, ശാരീരിക, വൈകാരിക, മാനസിക പ്രശ്‌നങ്ങളാണ് രോഗിയിലും കുടുംബത്തിലും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിരോധം, രോഗത്തെ നേരത്തെ കണ്ടെത്തൽ, ശരിയായ ചികിത്സ എന്നിവയ്ക്കാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്. ഇവ തന്നെയാണ് രാജ്യത്തിന് കൂടുതൽ സാമ്പത്തിക ബാധ്യതയില്ലാതെ ഫലപ്രദമായി ഇതിനെ നേരിടാൻ അനുയോജ്യവും.
- പ്രതിരോധം എങ്ങനെ: പകുതിയോളം അർബുദങ്ങളും പ്രതിരോധിക്കാനാകുന്നവയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. അർബുദ പരിപാലനത്തിൽ ഏറ്റവും മുഖ്യം അർബുദ പ്രതിരോധം തന്നെയാണ്. പ്രാഥമിക ആരോഗ്യ സംവിധാനങ്ങളും സൗകര്യങ്ങളും ഇതിനായി ഉപയോഗിക്കാനാകണം. പുകയില, മദ്യം എന്നിവ തടയാനും ആരോഗ്യകരമായ ഭക്ഷണം ശീലിക്കാനും കായിക അധ്വാനം വർധിപ്പിക്കാനും റേഡിയേഷനുകള്‍, എച്ച്പിവി വാക്‌സിനേഷനുകള്‍ എന്നിവയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനും മറ്റുമുള്ള പ്രാഥമിക പ്രതിരോധ സംവിധാനങ്ങളാണ് ആവശ്യം.
- ബോധവത്‌കരണം: രോഗം നേരത്തെ തിരിച്ചറിയാനായി ബോധവത്‌കരണവും ശാക്തീകരണവുമാണ് പ്രാഥമികമായി ഉറപ്പാക്കേണ്ടത്. ഇതിലൂടെ കൂടുതൽ ജീവനുകള്‍ രക്ഷിക്കാനാകും. ഉഷ ലക്ഷ്‌മി ബ്രെസ്‌റ്റ് ക്യാൻസർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ 2007 മുതൽ തുടങ്ങിയ സ്‌തനാർബുദ ചാരിറ്റിയുടെ പിങ്ക് റിബണ്‍ പ്രചാരണം ഇത്തരത്തിലൊന്നാണ്. തെലുഗു സംസ്ഥാനങ്ങളിൽ, നേരത്തെ രോഗം തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഫലപ്രദമായി ബോധവത്ക്കരണം നടത്താൻ പതിനാറ് വർഷമായി ഇവർക്ക് സാധിക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങളുടെ മനസിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാനും ഈ എൻജിഒയ്ക്ക് സാധിച്ചു.
ഇതിന്‍റെ ഫലമായി വർഷം തോറും മാമോഗ്രാം നടത്താനെത്തുന്ന നാൽപത് വയസിന് മുകളിലുള്ളവരുടെ എണ്ണം ഗണ്യമായി ഉയർത്താനും സാധിച്ചിട്ടുണ്ട്. അതേസമയം സിഗററ്റിന്‍റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യം സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും തുടരുന്നുണ്ട്. പല സിനിമ താരങ്ങളും മൗത്ത് ഫ്രെഷണറുകളുടെയും പാൻ മസാലകളുടെയും പരസ്യത്തിലൂടെ ഇവയുടെ സമാന്തരമായ മറ്റൊരു പരസ്യവിപണി നടത്തുന്നു. ഇത്തരം പരസ്യങ്ങളെയും നിയമത്തിലൂടെ തന്നെ നേരിടാനുള്ള സംവിധാനങ്ങളുണ്ടാകണം.
- നേരത്തെയുള്ള രോഗനിർണയം: പരിശോധനയിലൂടെ മിക്ക അർബുദങ്ങളും നേരത്തെ കണ്ടെത്താനാകും. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും മുമ്പ് തന്നെ ഇവയെ തിരിച്ചറിയാന്‍ പരിശോധനയിലൂടെ കഴിയും. ഇതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനും സാധിക്കും. അണ്ഡാശയ അർബുദം കണ്ടെത്താനുള്ള പാപ് സ്‌മിയർ, സ്‌തനാർബുദത്തിനുള്ള മാമോഗ്രഫി, കുടൽ അർബുദങ്ങള്‍ കണ്ടെത്താനുള്ള കൊളനോ സ്കോപ്പി എന്നിവ അവയിൽ ചിലതാണ്. വായ, അണ്ഡാശയം, സ്‌തനാർബുദങ്ങള്‍ കണ്ടെത്താനായി 2016ൽ ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ കീഴിൽ രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചിരുന്നു.
1.1ശതമാനം ജനങ്ങള്‍ മാത്രമാണ് ഇതിൽ അണ്ഡാശയ അർബുദം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തിയിട്ടുള്ളൂ എന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. വായ, സ്‌തനാർബുദങ്ങള്‍ കണ്ടെത്താനുള്ള പരിശോധന നടത്തിയതാകട്ടെ കേവലം ഒരു ശതമാനം പേരും. ഈ കണക്കുകളിലെ അപര്യാപ്‌തത പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകള്‍ വേണം. നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ കണ്‍ട്രോള്‍ ഓഫ് കാർഡിയോ വാസ്‌കുലാർ ഡിസീസ്, ഡയബറ്റീസ് ആന്‍ഡ് സ്ട്രോക്ക് (NPCDCS)പോലുള്ള പദ്ധതികളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
- അർബുദ രജിസ്ട്രറികള്‍: അർബുദ രോഗികളുടെ എണ്ണം കുറയ്ക്കാനായി വിവരശേഖരണം അത്യന്താപേക്ഷിതമാണ്. സാമൂഹ്യ-ജനസംഖ്യ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, അർബുദരോഗങ്ങളും തരങ്ങളും എന്നിവ പരിശോധിച്ച് റിസ്‌ക് ഫാക്ടേഴ്‌സ്, ഹൈ റിസ്‌ക് ഗ്രൂപ്പുകള്‍ എന്നിവരെ കണ്ടെത്താനാകും. ഇതിലൂടെ രോഗപ്രതിരോധത്തിനും പരിശോധനകളും നടത്താൻ സാധിക്കും.
ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള കാൻസർ രജിസ്ട്രികള്‍ കേവലം 38 എണ്ണം മാത്രമാണ് രാജ്യത്തുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് ഇതിലുള്ളത്. ഇവയിൽ മിക്കതും നഗരങ്ങളിലാണെന്നതും ശ്രദ്ധേയമാണ്. 70 ശതമാനത്തോളം പേരും വസിക്കുന്ന ഗ്രാമീണ മേഖലയ്ക്കായി കേവലം രണ്ടെണ്ണം മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. മതിയായ പണമില്ലാത്തതും കാന്‍സര്‍ രജിസ്ട്രികളുടെ താളം തെറ്റിക്കുന്നു.
വലിയ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, ഹരിയാന, ഛത്തീസ്‌ഗഡ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, രാജസ്ഥാൻ, തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒറ്റ രജിസ്ട്രികള്‍ പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്. ആശുപത്രികളിൽ 268 കാൻസർ രജിസ്ട്രികളാണുള്ളത്. ഇത് ആശുപത്രിയിലെത്തുന്നവരുടെ വിവരങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തുന്നത്. കൂടുതല്‍ രജിസ്ട്രികള്‍ പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ വേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
- ശ്രദ്ധിക്കേണ്ട രോഗമായി തിരിക്കണം: അർബുദത്തെ ശ്രദ്ധിക്കേണ്ട രോഗമായി പരിഗണിക്കണമെന്ന് 2022 സെപ്റ്റംബറിൽ പാർലമെന്‍ററി ആരോഗ്യകാര്യ സമിതി ശുപാർശ ചെയ്‌തിരുന്നു. ഇത് ഇനിയും യാഥാർത്ഥ്യമായിട്ടില്ല. ഇതിലൂടെ രോഗം മൂലം മരിക്കുന്നവരുടെ വിവരശേഖരണം മാത്രമല്ല രാജ്യത്തെ രോഗികളുടെ കൃത്യമായ വിവരങ്ങളും ശേഖരിക്കാനാകും.
- സമഗ്രമായ അർബുദ കേന്ദ്രങ്ങള്‍: സമഗ്രമായ അർബുദ കേന്ദ്രങ്ങളിലൂടെ രോഗികള്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കാനാകണം. രോഗനിർണയം, റേഡിയോളജി സേവനങ്ങള്‍, ലാബ് സേവനങ്ങള്‍ എന്നിവ ഉറപ്പാക്കണം, രാജ്യത്ത് 500 ഇത്തരം കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇതിൽ 25 മുതല്‍ 30 ശതമാനം സർക്കാർ ഉടമസ്ഥതയിലാണ്. ബാക്കിയുള്ളവ സ്വകാര്യ-ട്രസ്‌റ്റുകളുടെ അധീനതയിലാണ്. ഇത് പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്.
ഇവയിൽ മിക്കതും നഗരങ്ങളിലാണെന്നത് കൊണ്ടുതന്നെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഇവയുടെ സേവനം ലഭ്യമാകുന്നില്ല. ഇവർ ദീർഘദൂരം യാത്ര ചെയ്‌ത് ഇവിടേക്ക് എത്തേണ്ട സ്ഥിതിയാണ്. ഇത് പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു, അതുകൊണ്ട് തന്നെ ഗ്രാമീണ മേഖലകളിലും ചെറിയ നഗരങ്ങളും ഇത്തരം കേന്ദ്രങ്ങള്‍ ലഭ്യമാക്കണം.
രാജ്യത്ത് അർബുദ നിയന്ത്രണം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഉന്നത നിലവാരമുള്ള അർബുദ പരിരക്ഷ നമുക്ക് ലഭ്യമാകുന്നില്ലെന്നതാണ് വാസ്‌തവം. രാജ്യത്തെ ചില അർബുദ കേന്ദ്രങ്ങള്‍ ലോകോത്തര ചികിത്സ നൽകുന്നവയാണ്. എല്ലാ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകളിലുള്ളവർക്കും അതിന്‍റെ പ്രയോജനം നമുക്ക് ഉറപ്പാക്കാനാണം. ചികിത്സയ്ക്കുമപ്പുറം ഇതിന്‍റെ സാങ്കേതികതകളും സാധാരണക്കാരന് പ്രാപ്യമാകണം.
നേരത്തെ രോഗനിർണയം നടത്താനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുമുള്ള നടപടികളിലേക്ക് കടക്കാൻ ഈ അർബുദ ബോധവത്‌കരണ ദിനത്തിൽ നമുക്ക് സാധിക്കണം. രാജ്യത്തെ അർബുദ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്‌പ് നടത്താൻ ഈ ദിവസം നമുക്ക് കഴിയട്ടെ.