വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): മദ്യപിച്ച് വാഹനമോടിച്ചാല്‍ ഫൈന്‍ ഈടാക്കല്‍, ഇംപോസിഷന്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പടെ നിരവധി ശിക്ഷാരീതികള്‍ കണ്ടിട്ടുണ്ടാകും. ഒടുക്കം മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നറിയിച്ചുള്ള ഷോട്ട് ഫിലിമും കാണിച്ച് ഇവരെ തുറന്നുവിടാറാണ് പൊലീസ് ചെയ്യാറുള്ളത്. എന്നാല്‍ ലഭിക്കുന്ന ലഘുശിക്ഷ വേഗത്തില്‍ തീര്‍ത്ത് സ്ഥലംവിടാമെന്ന് കരുതിയവര്‍ക്ക് ഇത്തവണ പണിപാളി.
വെറൈറ്റി ശിക്ഷ വിധിച്ച് കോടതി : വിശാഖപട്ടണത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പട്രോളിങ്ങിലാണ് നിരവധി പേരെ മദ്യപിച്ച് വാഹനോടിച്ചതിന് പിടികൂടിയത്. ഇവരെയെല്ലാം പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പതിവ് 'പെറ്റി' അടിച്ച് അവരെ വെറുതെ വിടാന്‍ ജഡ്‌ജിക്ക് തോന്നിയില്ല. ലഘു സ്വഭാവമുള്ളതും താക്കീത് നല്‍കാന്‍ ഉപകാരപ്രദമായതുമായ ശിക്ഷ നല്‍കുമ്പോള്‍ അത് സമൂഹത്തിന് കൂടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഓര്‍ത്തപ്പോള്‍ വഴി മുന്നില്‍ തെളിഞ്ഞു. പിടിയിലായവര്‍ കടല്‍ത്തീരത്ത് മാലിന്യ സംസ്‌കരണത്തിന്‍റെ ഭാഗമാവട്ടെ എന്ന് പിന്നാലെ ഉത്തരവും എത്തി.
ഇത്തവണ 'പെറ്റി' വേണ്ട : പിന്നീട് കണ്ടത് 52 പേരടങ്ങുന്ന സംഘം കാളിമാതാ ക്ഷേത്രത്തിന് മുന്നിലെ കടൽത്തീരത്തെ മാലിന്യം നീക്കുന്നതാണ്. രാവിലെ മുതല്‍ വൈകുന്നേരം അഞ്ചുമണിയാകുന്നത് വരെയുള്ള ശുചീകരണ യജ്ഞം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ട്രാഫിക് പൊലീസും കൂടെ നിന്നു. ഇനിയൊരിക്കലും മദ്യപിച്ച് വാഹനവുമായി റോഡിലേക്കിറങ്ങില്ലെന്ന് ഉറപ്പുനല്‍കിയുള്ള അവരുടെ സമീപനത്തില്‍, സമൂഹത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്‌തതിലുള്ള സന്തോഷവും കാണാമായിരുന്നു.
കാവലായി ട്രാഫിക് പൊലീസ് : എംവിപി, ഹാർബർ, ത്രീ ടൗൺ സ്‌റ്റേഷൻ എന്നിവയുടെ പരിധിയില്‍ നിന്നായി മദ്യപിച്ച് വാഹനമോടിച്ചതിന് 52 പേരെ കോടതിയിൽ ഹാജരാക്കി. ഇവരോട് വൈകുന്നേരം വരെ കടൽത്തീരം വൃത്തിയാക്കാൻ കോടതി ഉത്തരവിട്ടു. യുവാക്കള്‍ ഉള്‍പ്പടെയുള്ളവരില്‍ അതൊരു മാറ്റം കൊണ്ടുവരട്ടെയെന്ന് ഞങ്ങളും ആഗ്രഹിച്ചു. ഒടുക്കം അത് ഇത്രയും നല്ല രീതിയില്‍ ബീച്ച് ശുചീകരണത്തില്‍ അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും ട്രാഫിക് സിഐ തുള്‍സി ദാസ് പറഞ്ഞു.