ഡെറാഡൂൺ: കുംഭമേള ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്‌സിനേഷൻ നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് ഹരിദ്വാർ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം.
രാജ്യത്തൊട്ടാകെയുള്ള ആളുകൾ കുംഭ മേളയിൽ പങ്കെടുക്കുമെന്നതിനാൽ അപകടസാധ്യതകൾ വിളിച്ചുവരുത്താൻ ആവില്ലെന്നും വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായും ഓം പ്രകാശ് പറഞ്ഞു. മാർച്ച് 15 ന് ഉത്തർപ്രദേശിൽ നിന്ന് 100 ഡോക്‌ടർമാരും 148 പാരാമെഡിക്കൽ സ്റ്റാഫുകളും വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് എത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. യോഗത്തിൽ മറ്റ് നിരവധി ഉദ്യോഗസ്ഥരും ജില്ലാ മജിസ്‌ട്രേറ്റുകളും പങ്കെടുത്തു.
കുംഭമേള 2021 ഏപ്രിൽ 1 മുതൽ ഏപ്രിൽ 30 വരെ ഹരിദ്വാറിൽ നടത്താനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം മേളയെ 30 ദിവസമായി ചുരുക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചിരുന്നു. 12 വർഷത്തിനിടെ നാല് തവണ ആഘോഷിക്കുന്ന ഇത് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിങ്ങനെ നാല് സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലുടനീളമുള്ള നാല് നദീതീര തീർഥാടന കേന്ദ്രങ്ങളിൽ 12 വർഷത്തെ ഇടവേളകളിലാണ് മഹാ കുംഭം ആഘോഷിക്കുന്നത്.