ന്യൂഡൽഹി: രണ്ട് ഡോസ് കൊവിഡ് വാക്‌സിനുകൾ സ്വീകരിച്ച യാത്രക്കാർക്ക് നിർബന്ധിത ആർടി-പിസിആർ റിപ്പോർട്ട് ഒഴിവാക്കിയുള്ള ആഭ്യന്തര വിമാന യാത്ര ഒരുക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാൻ ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി സംയുക്ത ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ കൊവിഡ് കേസുകൾ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ചില സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കാൻ ആഭ്യന്തര യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഒരു സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരോട് നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് ചോദിക്കുക എന്നത് ആ സംസ്ഥാനത്തിന്‍റെ അവകാശമാണെന്ന് പുരി കൂട്ടിച്ചേർത്തു.
ALSO READ: മില്‍ഖ സിങ്ങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍
അതേസമയം അന്തർദ്ദേശീയ യാത്രക്കാർക്കായുള്ള 'വാക്‌സിൻ പാസ്‌പോർട്ട്' എന്ന ആശയത്തിനെതിരെ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. വിവേചനപരമായ ആശയം എന്നാണ് രാജ്യം അതിനെ വിശേഷിപ്പിച്ചത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിലെ വാക്‌സിൻ കവറേജ് ഇപ്പോഴും കുറവാണ്, അതിനാൽ തന്നെ ഇത്തരമൊരു സംരംഭം വളരെ വിവേചനപരമാണെന്ന് യൂണിയൻ ജി 7 രാജ്യങ്ങളുടെ യോഗത്തിൽ തെളിയിക്കാനാകുമെന്നും ഹർഷ് വർധൻ പറഞ്ഞു.