ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണല്‍ രക്ഷാദൗത്യത്തിന് വീണ്ടും തിരിച്ചടി. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയിലുള്ള കമ്പികളും സ്റ്റീല്‍ പാളികളും ഉള്ളത് ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമായി. ഇതുകാരണം ഓഗര്‍ മെഷീനിന് സാങ്കേതിക തകരാറുണ്ടായി (Uttarkashi Tunnel Collapse; Rescue Halted Due To Technical Glitch).
വെള്ളിയാഴ്‌ച (നവംബര്‍ 24) വൈകുന്നേരത്തോടെയാണ് മെഷീനിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. അപകടത്തെ തുടര്‍ന്ന് തുരങ്കത്തില്‍ കുടുങ്ങിയവരുടെ രക്ഷാ ദൗത്യം ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് ശേഷം 50 മീറ്ററോളം ദൂരം മാത്രമാണ് ഇതുവരെയും തുരക്കാനായത്.
രക്ഷാ ദൗത്യത്തിന് തടസം നേരിട്ടതിന് പിന്നാലെ പൈപ്പിലൂടെ ആളുകളെ കയറ്റി തുരങ്കത്തിലെ കമ്പികള്‍ മുറിച്ച് മാറ്റാനുള്ള ശ്രമവും ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ മാത്രമെ തുരങ്കത്തില്‍ അകപ്പെട്ടവരെ പുറത്തെടുക്കാനും ആശുപത്രികളിലേക്ക് മാറ്റാനും സാധിക്കുകയുള്ളൂ. തൊഴിലാളികളെ ആശുപത്രികളിലേക്ക് മാറ്റാനുള്ള മുഴുവന്‍ സൗകര്യങ്ങളും സ്ഥലത്ത് തയ്യാറാക്കിയിട്ടുണ്ട്.
Also Read: ഉത്തരകാശി ദുരന്തം: രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്