ഡെറാഡൂൺ: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
കുട്ടികളെ മരണത്തിന് വിട്ട് കൊടുക്കാൻ സാധിക്കില്ല. മൂന്നാം തരംഗം നേരിടാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ല. ഡെല്‍റ്റ പ്ലസ് തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്താനും കോടതി ആവശ്യപ്പെട്ടു.
ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കുക. യാഥാര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ഈ സമയമാണിത്. എന്നാല്‍ പല ഘടകങ്ങളും ഇതിന് തടസമാകുന്നുണ്ടന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആവശ്യത്തിന് ആംബുലൻസ് ഉണ്ടെന്ന വാദവും തെറ്റാണെന്ന് കോടതി ചൂണ്ടികാട്ടി.
വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ജൂലൈ 7ലേക്ക് മാറ്റി. സത്യവാങ്മൂലം സമര്‍പ്പിക്കാൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കി.