ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 67 ആയി. പതിനഞ്ചാം ദിവസവും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരത്തോടെ തപോവൻ പ്രോജക്ട് ബാരിക്കേജിന് സമീപമുള്ള ഡെസിലിംഗ് ടാങ്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. രാത്രി വൈകി രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 137 പേരെയാണ് ഇനിയും കാണ്ടെത്താനുള്ളത്. ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ പ്രളയം ഉണ്ടായത്. മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന് സമീപത്തെ നദികളിലെ വെള്ളം ഉയർന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയിരുന്നു. ദുരന്തത്തിൽ തപോവൻ, ഋഷി ഗംഗ പവർ പ്രൊജക്ട് സൈറ്റുകളിലെ നിരവധി ജോലിക്കാരെയാണ് കണാതായത്.
തുരങ്കത്തിനുള്ളിലേക്ക് വെള്ളം കയറുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് ഐടിബിപി വക്താവ് അറിയിച്ചു. അതേസമയം, ധൗലി ഗംഗയുടെ ഗതി മറുവശത്തേക്ക് തിരിച്ചുവിട്ട് തപോവൻ തുരങ്കത്തിലേക്ക് വെള്ളം ഒഴുകുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സ്വാതി എസ് ഭദൗരിയ അറിയിച്ചു.