ഉത്തരാഖണ്ഡ്: ചമോലിയിലെ തപോവൻ തുരങ്കത്തിൽ ആറാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നു. ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വ്യാഴാഴ്ച രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 30 ഓളം പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന.
ഇതുവരെ 36 മൃതദേഹങ്ങൾ കണ്ടെടുത്തു. 204 പേരെ കാണാതായിട്ടുണ്ട്. ഋഷിഗംഗയിലെ ജലനിരപ്പ് ഉയരുകയാണെന്നും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ചമോലി പൊലീസ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ തപോവൻ-റെനി പ്രദേശത്ത് ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ധൗളിഗംഗ, അളകനന്ദ നദീ തീരങ്ങളിലെ വൈദ്യുതി പദ്ധതികൾക്ക് നാശനഷ്ടമുണ്ടായി.