ഡെറാഡൂൺ: ബാഗേശ്വർ ജില്ലയിലെ സുദർധുംഗ ട്രെക്കിങിൽ ആറ് ട്രെക്കർമാരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ ആകെ എണ്ണം 77 ആയി. സംഘത്തിലെ ഇനിയും കണ്ടെത്താനുള്ള ആൾക്കായി തെരച്ചിൽ തുടരുകയാണെന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന അറിയിച്ചു.
കഫ്‌നി ഹിമാനിയിൽ കുടുങ്ങിയ 19 പേരെ അവരുടെ ഗ്രാമമായ ചുനിയിലേക്ക് എത്തിച്ചുവെന്നും പിണ്ടാരി ഹിമാനിയിൽ കുടുങ്ങിയ 33 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും സേന അറിയിച്ചു. ഉത്തരകാശി ജില്ലയിലെ ചിത്കുളിലേക്കുള്ള വഴിയിൽ കാണാതായ രണ്ട് ട്രെക്കർമാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
12 അംഗ സംഘത്തിൽപ്പെട്ട ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. ജീവനോടെ രക്ഷപ്പെട്ട സംഘത്തിൽപ്പെട്ട മറ്റ് രണ്ട് അംഗങ്ങൾ ദിവസങ്ങളായി ചികിത്സയിലാണ്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി മഴക്കെടുതിയിൽ തകർന്ന ഗൗള പാലം സന്ദർശിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തുമെന്നും അറിയിച്ചു.
Also read: ആൽബിൻ പോൾ ഇനിയും ജീവിക്കും, ആറ് പേരിലൂടെ; ഇത്തവണ സംസ്ഥാനം കടന്നും അവയവ ദാനം