ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് രാജി. വെള്ളിയാഴ്‌ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത് ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. പദവിയിലെത്തി നാല് മാസമാകുമ്പോഴാണ് റാവത്തിന്‍റെ രാജി. ത്രിവേന്ദ്ര സിങ് രാജിവച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 10 നാണ് ലോക്‌സഭാംഗമായ തിരാത്ത് സിങ് മുഖ്യമന്ത്രിയായത്.
ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. നിലവില്‍ എംഎല്‍എ അല്ലാത്ത റാവത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം നിയമഭാംഗത്വം നേടേണ്ടിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തിരാത്ത് സിങിന്‍റെ രാജി.
സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍, രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് തനിക്ക് തോന്നി. ഇതുവരെ എനിക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിക്കുന്നുവെന്നും റാവത്ത് പറഞ്ഞു. പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ബിജെപി എംഎല്‍എമാര്‍ ഇന്ന്(ജൂലൈ 3) യോഗം ചേരും.
Also Read: യു.പിയുടെ കാര്യം ജനങ്ങള്‍ നോക്കിക്കൊള്ളും, ഉവൈസിയോട് നഖ്‌വി