ഡെറാഡൂൺ : ഇന്ത്യൻ ഹോക്കി താരം വന്ദന കടാരിയയെ ഉത്തരാഖണ്ഡ് വനിത-ശിശു വികസന, ശാക്തീകരണ വകുപ്പിന്‍റെ ബ്രാൻഡ് അംബാസഡറാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.
ടോക്കിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനം നടത്തിയ താരത്തിന് 25 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ വന്ദനയുടെ വീട് സന്ദര്‍ശിച്ച കായിക മന്ത്രി അരവിന്ദ് പാണ്ഡെ താരത്തിന് മികച്ച ഭാവി നേര്‍ന്നിരുന്നു. യുവാക്കള്‍ക്ക് വന്ദന മാതൃകയാണെന്നും എല്ലാവരും താരത്തില്‍ നിന്നും പഠിക്കണമെന്നുമായിരുന്നു സന്ദര്‍ശനത്തിനിടെ മന്ത്രിയുടെ പ്രതികരണം.
ഉത്തരാഖണ്ഡിൽ നിന്നുള്ള താരങ്ങൾക്ക് വന്ദന വലിയ പ്രചോദനമാവുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യന്‍ വനിത ടീം സെമിയിൽ പുറത്തായതിന് പിന്നാലെ വന്ദനയ്ക്കും കുടുംബത്തിനും നേരെ ചിലര്‍ ജാതി അധിക്ഷേപം നടത്തിയിരുന്നു.
Also read: 'ലജ്ജാകരം': വന്ദന കടാരിയയ്ക്ക് നേരെയുണ്ടായ ജാതി അധിക്ഷേപത്തെ അപലപിച്ച് റാണി റാംപാല്‍
വന്ദനയുടെ ഹരിദ്വാര്‍ ജില്ലയിലെ റോഷ്‌നാബാദിലുള്ള കുടുബത്തിനാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. വീടിന് മുന്നിൽ എത്തിയ ചിലര്‍ താരത്തേയും കുടുംബത്തേയും അധിക്ഷേപിക്കുകയും വീടിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും ചെയ്‌തു.
എന്നാല്‍ ഒളിമ്പിക്‌സില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഹാട്രിക് ഗോളുകള്‍ നേടിയ താരത്തിന്‍റെ മികവിലായിരുന്നു ഇന്ത്യ സെമി ഉറപ്പിച്ചത്.