ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് രക്ഷാപ്രവർത്തകർ പാകം ചെയ്‌ത ഭക്ഷണം പൈപ്പിലൂടെ എത്തിച്ചു. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക വിഭവമാണ് തൊഴിലാളികള്‍ക്ക് കഴിക്കാന്‍ എത്തിച്ചത്.(Uttarakashi tunnel collapse supply cooked food to the trapped workers).
മഞ്ഞയും വെളളയും കലർന്ന ഹൊൽമറ്റ് ധരിച്ച തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്ന വീഡിയോ ദൗത്യസംഘം പുറത്തുവിട്ടിരുന്നു.ആറ് ഇഞ്ച് ഫുഡ് പൈപ്പ് ലൈനിലൂടെ എൻഡോസ്‌കോപ്പിക് ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്.
തൊഴിലാളികളുടെ അവസ്ഥ കണക്കിലെടുത്ത് ലഭ്യമാക്കാവുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ച് ഡോക്‌ടർമാരുടെ നിർദേശത്തോടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഭക്ഷണം നൽകുന്നത്.
തൊഴിലാളികളുടെ അവസ്ഥ എന്താണെന്ന് കാണാൻ പൈപ്പ് ലൈനിലൂടെ ക്യാമറകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ഡയറക്‌ടർ അൻഷു മനീഷ് ഖൽഖോ മുൻപ് പറഞ്ഞിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഡൽഹിയിൽ നിന്നും ക്യാമറ എത്തിച്ചത്. പിന്നീട് പൈപ്പ് ലൈൻ വഴി ക്യാമറ കടത്തി വീഡിയോ പകർത്തുകയായിരുന്നു. വോക്കി ടോക്കി വഴി തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു.
ALSO READ:ഉത്തരകാശിയില്‍ ഖനിയിലകപ്പെട്ടവരുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ദൗത്യസംഘം
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എൻഎച്ച്ഐഡിസിഎൽ) വിദേശ നിർമിത യന്ത്രം വഴി തുരങ്കത്തിലെ അവശിഷ്ട്ടങ്ങൾ നീക്കുന്നതടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
900 മില്ലി മീറ്റർ വ്യാസമുള്ള പൈപ്പ് വഴി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുകയെന്നത് പ്രധാന വെല്ലുവിളിയാണെന്ന് രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു.
സംഭവം ഇങ്ങനെ: യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരുന്ന ടണൽ ഭാഗികമായി തകർന്നാണ് ദുരന്തം സംഭവിച്ചത് . 41 തൊഴിലാളികളാണ് നവംബർ 12 ന് പുലർച്ചെ 5.30 നുണ്ടായ അപകടത്തിൽ കുടുങ്ങിയത്. കോണ്‍ക്രീറ്റ് ജോലികൾ ഉൾപ്പെടെയുളള നിർമാണ പ്രവർത്തികൾ പൂർത്തിയാക്കിയ ഭാഗത്താണ് തൊഴിലാളികൾ കുടുങ്ങിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
സിൽക്യാര മുതൽ ബാർകോട്ട് വരെ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ സിൽക്യാര ഭാഗത്ത് 60 മീറ്ററോളം ചളി വീണതിനെത്തുടർന്നാണ് 41 തൊഴിലാളികളും കുടുങ്ങിയത്. ചാർധാം ഓൾ-വെതർ റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. തുരങ്കത്തിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ ഉത്തരകാശി മുതൽ യമുനോത്രി വരെയുള്ള യാത്രയിൽ 26 കിലോമീറ്റര്‍ ലാഭിക്കാനാകും.
അപകടത്തെ തുടർന്ന് തുരങ്കം അടയുന്ന സാഹചര്യങ്ങളില്‍ തൊഴിലാളികൾ ഹ്യൂം പൈപ്പിലൂടെ സുരക്ഷിതമായി പുറത്തുവരുമായിരുന്നു. നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിലും ഹ്യൂം പൈപ്പുകൾ ഉപയോഗിച്ചിരുന്നെങ്കിലും അപകടം നടന്ന ദിവസം ഈ ഭാഗത്ത് ഹ്യൂം പൈപ്പുകൾ സ്ഥാപിച്ചിരുന്നില്ല.