പനാജി : ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകാത്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗോവയുടെ മുന്‍ മുഖ്യമന്ത്രി മനോഹർ പരീഖറിന്‍റെ മകന്‍ ഉത്‌പൽ പരീഖർ. ശുദ്ധ സ്വഭാവക്കാരായ തനിക്ക് എന്തുകൊണ്ട് മത്സരിക്കാൻ അവസരം നൽകുന്നില്ലെന്ന് ഉത്‌പൽ പരീഖർ ചോദിക്കുന്നു. അതേസമയം ബിജെപി നേതാവായ ഉത്‌പല്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെന്നും വിവരമുണ്ട്. പനാജി മണ്ഡലത്തിൽ നിന്നാണ് ഉത്‌പൽ പരീഖർ മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പീഡനക്കേസുകളിലെ പ്രതികൾക്കും ക്രിമിനലുകൾക്കും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകുന്നു. ശുദ്ധ സ്വഭാവക്കാരനായ തനിക്ക് എന്തുകൊണ്ട് അവസരം നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് പരാമര്‍ശിച്ച ഉത്പല്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്‌തു. മുൻ മുഖ്യമന്ത്രി മനോഹർ പരീഖറിന്‍റെ മകൻ ആയതുകൊണ്ട് മാത്രം ഉത്‌പലിന് മത്സരിക്കാൻ അവസരം നൽകില്ലെന്ന് ഗോവയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പ്രതികരണം.
ALSO READ: ഹാപ്പി ബെർത്ത്ഡേ ഡെംബ; കുഞ്ഞൻ ഗൊറില്ലക്ക് പഴങ്ങളിൽ ആശംസ ഒരുക്കി മൃഗശാല...ദൃശ്യങ്ങള്‍...
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്‌പലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 30 വർഷമായി ബിജെപി തുടർച്ചയായി ഭരണം നേടുന്ന മണ്ഡലമാണ് പനാജി. മനോഹർ പരീഖറിന്‍റെ മരണത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ അറ്റനാസിയോ മോൺസെറേറ്റ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടർന്ന് അദ്ദേഹം ബിജെപിയില്‍ ചേക്കേറിയിരുന്നു.